വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ച് ബിഷപ്പ്
Kerala
വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ച് ബിഷപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 11:31 am

തിരുവനതപുരം: വിഴിഞ്ഞം സമരത്തിന് ശേഷം ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ബിഷപ്പ് തോമസ് ജെ. നെറ്റോ. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആണെന്നാണ് ബിഷപ്പ് തോമസ് ജെ. നെറ്റോ വിമര്‍ശനം ഉന്നയിച്ചത്. ഇന്നലെ പള്ളിയില്‍ വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യം അറിയിച്ചത്.

സഭയുമായി ബന്ധപ്പെട്ട മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ഫണ്ട് പോലും ഇല്ലെന്നും അതുകൊണ്ട് വിശ്വാസികള്‍ പള്ളികളിലേക്ക് കൂടുതല്‍ പണം നല്‍കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞു.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്. ആര്‍.സി.എ അക്കൗണ്ടും മരവിപ്പിച്ചിരുക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു. അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നില്‍ സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് കാരണമായിട്ടുണ്ടെന്നും ലത്തീന്‍ അതിരൂപത ഉന്നയിച്ചു.

വിഴിഞ്ഞം സമരത്തിനുശേഷമാണ് സഭയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സഭയുടെ നേതൃത്വത്തില്‍ വൈദിക വിദ്യാര്‍ഥികളുടെ പഠനം, പ്രായമായ ആളുകളുടെ ചികിത്സ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

വിദേശത്തുനിന്നുള്ള പണത്തില്‍ നിന്നായിരുന്നു ഇത്തരം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തിയിരുന്നത്. ഓരോ വര്‍ഷവും രണ്ടുകോടിയോളം രൂപ വെച്ചാണ് സഭ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ സഭ നേരിടുന്നത്.

നല്ലിടിയന്‍ ഞായറാഴ്ചയുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറില്‍ ആയിരുന്നു ബിഷപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്.

Content Highlight: Central ministry freezes accounts of Latin Archdiocese after Vizhinjam strike: Bishop criticizes