|

മെറ്റ മാപ്പ് പറയണം; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച സുക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മെറ്റ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രാലയങ്ങള്‍. മെറ്റ സഹസ്ഥാപകനായ സുക്കര്‍ബര്‍ഗിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാമര്‍ശത്തില്‍ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു.

ഇന്ത്യക്കെതിരായ തെറ്റായ പരാമര്‍ശത്തില്‍ മെറ്റയെ വിളിച്ചുവരുത്തുമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സംബന്ധിച്ച പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നിഷികാന്ത് ദുബെ അറിയിച്ചു. തെറ്റായ പരാമര്‍ശങ്ങള്‍ ഏതൊരു ജനാധിപത്യ രാജ്യത്തെയും തകര്‍ക്കുമെന്നും ദുബെ പറഞ്ഞു.

‘2024ല്‍ ഇന്ത്യയില്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടു. കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളാണ് ഈ പരാജയത്തിന് കാരണമായത്,’ എന്നായിരുന്നു സുക്കര്‍ബര്‍ഗിന്റെ പരാമര്‍ശം. ജോ റോഗന്‍ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പരാമര്‍ശം നിരാശാജനകമാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവും പ്രതികരിച്ചു. സുക്കര്‍ബര്‍ഗില്‍ നിന്ന് ഇത്തരത്തില്‍ ഒരു തെറ്റായ പരാമര്‍ശം ഉണ്ടായത് നിരാശാജനകമാണെന്നാണ് മന്ത്രി പറഞ്ഞത്.

‘2024 വലിയ തെരഞ്ഞെടുപ്പുകളുടെ കാലമായിരുന്നു. ഇന്ത്യ അതിനൊരു ഉദാഹരണമാണ്. എന്നാല്‍ നിലവിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണ് ഉണ്ടായത്,’ എന്നും സുക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കല്‍, കൊവിഡിനെ നേരിടാനുള്ള സാമ്പത്തിക നയം നടപ്പിലാക്കല്‍ എന്നീ കാര്യങ്ങളില്‍ ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്നും സുക്കന്‍ബര്‍ഗ് പറയുകയുണ്ടായി. യു.എസില്‍ ഉള്‍പ്പെടെ ഈ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ജനപ്രതിനിധികളുടെ വിശ്വാസ്യതയില്‍ കുറച്ചിലുണ്ടാക്കിയെന്നും സുക്കര്‍ബര്‍ഗ് പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു.

ഇതില്‍ പ്രതികരിച്ചാണ് കേന്ദ്ര മന്ത്രാലയങ്ങള്‍ മെറ്റയെ വിളിച്ചുവരുത്തുമെന്ന് അറിയിച്ചത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ സഭയിൽ ഉണ്ടായിരുന്ന  ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ പോലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ഭൂരിപക്ഷം കുറയുകയും സീറ്റുകള്‍ എണ്ണത്തില്‍ ഗണ്യമായ കുറവ് എന്‍.ഡി.എ സഖ്യം നേരിടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ഒറ്റയ്ക്ക് ഭരണം നേടിയ ബി.ജെ.പി ഇത്തവണ ഘടകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.എസിന്റെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.

Content Highlight: Central Ministries said meta to apologize remarks on 2024 Lok Sabha elections