ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്‍.പി.ആറിനായുള്ള പരിശീലനം നടക്കും. എന്‍.പി.ആറിനായുള്ള ഡാറ്റ 2010ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ആദ്യമായി ശേഖരിച്ചത്.
Union cabinet, chaired by Prime Minister Narendra Modi, approves over Rs 8500 crore for updating National Population Register:Officials
വീടുകള്‍ തോറുമുള്ള സര്‍വേകള്‍ ഉപയോഗിച്ച് എന്‍.പി.ആര്‍ ഡാറ്റ 2015ല്‍ അപ്ഡേറ്റ് ചെയ്തു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍ ഇപ്പോള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. എന്‍.പി.ആര്‍ പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ല്‍ നടക്കും.
ഡാറ്റാബേസില്‍ ജനസംഖ്യാപരമായതും ബയോമെട്രിക് വിശദാംശങ്ങളും ഉണ്ടായിരിക്കും. ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതില്‍ കൂടുതലോ താമസിച്ച വ്യക്തിയാണ് ”സാധാരണ താമസക്കാരന്‍”. അതല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കും അപേക്ഷിക്കാം.
ഇന്ത്യയിലെ ഓരോ വ്യക്തിയും എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. സെന്‍സസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എന്‍.പി.ആര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായിട്ടാണ് ആരോപിക്കപ്പെടുന്നത്.
അതേസമയം എന്‍.ആര്‍.സിയും സി.എ.എയും മൂലം ഉടലെടുത്ത ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.