'കേരളത്തില്‍ പൗരത്വ നിയമവും തടവുകേന്ദ്രങ്ങളും ആവശ്യമില്ല'; പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ആരോടും രേഖകള്‍ ചോദിച്ചിട്ടില്ലെന്നും വി. മുരളീധരന്‍
Citizenship Amendment Act
'കേരളത്തില്‍ പൗരത്വ നിയമവും തടവുകേന്ദ്രങ്ങളും ആവശ്യമില്ല'; പൗരത്വം തെളിയിക്കാന്‍ സര്‍ക്കാര്‍ ആരോടും രേഖകള്‍ ചോദിച്ചിട്ടില്ലെന്നും വി. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd January 2020, 1:19 pm

ന്യൂദല്‍ഹി: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇതുവരെ സര്‍ക്കാര്‍ ആരോടും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘നിയമത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു ബോധവത്കരണം നല്‍കും. ചെറിയൊരു വിഭാഗം ആളുകള്‍ക്കു മാത്രമാണു പ്രതിഷേധം. പൗരത്വ ഭേദഗതി നിയമത്തിനെതിരായല്ല പ്രതിഷേധം. എന്‍.ആര്‍.സിക്കും എന്‍.പി.ആറിനുമെതിരെയാണ്. ഇതു രണ്ടും ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്നതല്ല,’ അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പ്രമേയം പാസാക്കിയതിനെ അദ്ദേഹം വിമര്‍ശിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഏതു വിഷയത്തിലും പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ട്. പക്ഷേ അതിന് ഒരു സ്വകാര്യ ബില്ലിന്റെ വില പോലുമില്ല. പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചതു ധൂര്‍ത്താണെന്നും അദ്ദേഹം പറഞ്ഞു.’

ലോക കേരള സഭയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സഭ ഭൂലോക തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

‘ലോക കേരള സഭ രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചു. സി.പി.ഐ.എമ്മിന് ഫണ്ട് നല്‍കുന്നവരെ വിളിച്ചു വിരുന്നുകൊടുക്കുന്ന പരിപാടിയായി ലോക കേരള സഭ സമ്മേളനം മാറി. സഭയില്‍ പങ്കെടുക്കുന്നവരുടെ പശ്ചാത്തലം പോലുമറിയില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല,’ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിയെ വെല്ലുവിളിച്ചു പ്രമേയം പാസാക്കിയ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.