| Thursday, 23rd November 2023, 1:41 pm

ജിഹാദുമായി ബന്ധമുണ്ട്; ബീഹാറില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉത്പന്നങ്ങള്‍ നിരോധിക്കണം: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഉത്തര്‍ പ്രദേശിന്റെ മാതൃക പിന്തുടര്‍ന്ന് ബീഹാറിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉടന്‍ നിരോധിക്കണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അയച്ച കത്തില്‍ കേന്ദ്രമന്ത്രി ഹലാല്‍ സര്‍ട്ടിഫിക്കേഷനും സാമൂഹിക വിവേചനവും ഭീകരവാദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

‘ഇസ്ലാമിക മാനദണ്ഡങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവയാണ് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍. മതവുമായി ബന്ധമില്ലാത്ത ഉത്പന്നങ്ങളെ ഇസ്ലാമിക വല്‍ക്കരിക്കാനുള്ള ശ്രമമാണിത്,’ മന്ത്രി പറഞ്ഞു. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ സ്ഥാപനങ്ങള്‍ സ്വയം പ്രഖ്യാപിത അധികാരികളായി മാറുകയാണെന്നും സാധനങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളില്‍ നിന്ന് ഗണ്യമായ തുക കൈപ്പറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ഹലാല്‍ സര്‍ട്ടിഫിക്കേഷനും ബിസിനസിനും പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം അടിസ്ഥാനരഹിതമല്ല,’ അദ്ദേഹം കത്തില്‍ കുറിച്ചു.

ഹലാല്‍ സര്‍ട്ടിഫിക്കേഷന് എതിരായ യു.പി സര്‍ക്കാറിന്റെ സമീപകാല നടപടികള്‍ ഉദ്ധരിച്ച് ബീഹാര്‍ മുഖ്യമന്ത്രിയോട് സംസ്ഥാനത്തും സമാനമായ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഗിരിരാജ് സിങ് അഭ്യര്‍ത്ഥിച്ചു.

ബീഹാര്‍ പോലുള്ള വലിയ സംസ്ഥാനത്ത് പോലും ഹലാലില്‍ ഉത്പന്നങ്ങളുടെ പേരില്‍ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം ഗൂഢാലോചനകളും വിഭജനങ്ങളും നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’ കേന്ദ്രമന്ത്രി പറഞ്ഞു.

പാല്‍,വസ്ത്രങ്ങള്‍, മരുന്ന്, എന്നിവ ഉള്‍പ്പെടെ ചില ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനും വില്‍പ്പനയ്ക്കും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തിടെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം കയറ്റുമതിക്കായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കി.

CONTENT HIGHLIGHT : Central Minister urges Bihar CM to ban halal-certified products, links it to ‘jihad’

 
We use cookies to give you the best possible experience. Learn more