ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ സാധൂകരിക്കുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വകാര്യത മൗലികാലകാശമാണെങ്കിലും പരമമായ അവകാശമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിധി പ്രസ്താവിക്കവെ കോടതി തന്നെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ചാണ് രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന. പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റലിയും സമാന നിലപാടുമായി രംഗത്തെത്തി. സ്വകാര്യതയില്‍ സര്‍ക്കാരിന് മുന്‍പ് തന്നെ നിലാപാടുണ്ടായിരുന്നെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
അതേ സമയം അടിയന്തിരാവസ്ഥ കാലത്ത് ജനങ്ങളുടെ സ്വകാര്യത മാനിക്കാത്ത കോണ്‍ഗ്രസിന് കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ എന്തവകാശമാണുള്ളതെന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു. വിധി വന്നതോടെ ആധാറടക്കമുള്ള പദ്ധതികളുടെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടും.
സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗം ബെഞ്ച് ഇന്ന് വിധിച്ചിരുന്നു. ഐക്യകണ്ഠേനയാണ് ബെഞ്ച് വിധിപ്രഖ്യാപിച്ചത്. അതേ സമയം ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോയെന്ന വിഷയത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.
സ്വകാര്യത ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയുടെ 21ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതോടെ സ്വകാര്യത മൗലികാവകാശമല്ലെന്ന 1952ലെയും 1962ലെയും കോടതിയുടെ വിശാലബെഞ്ചുകളുടെ വിധികള്‍ അസാധുവാകും.