പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രം തയ്യാറാണ് : കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി
India
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രം തയ്യാറാണ് : കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2024, 5:14 pm

ന്യൂദൽഹി: നിവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ്  ജോഷി.

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറുപടി.

പ്രജ്വൽ രാജ്യം വിടുന്നതിന് മുൻപ് എന്തുകൊണ്ട് സംസ്ഥാന സർക്കാർ കേസ് എടുത്തില്ലെന്നും പ്രഹ്‌ളാദ്  ജോഷി ചോദിച്ചു . കോൺഗ്രസ് കേന്ദ്രത്തിനു മേൽ പഴി ചാരുകയാണിവിടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രജ്വൽ രേവണ്ണയെ തിരികെ നാട്ടിൽ എത്തിക്കുന്നതിയായുള്ള എല്ലാ വിധ സഹായങ്ങളും നൽകാൻ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. അതോടൊപ്പം എന്തുകൊണ്ട് പ്രജ്വലിനെ ആദ്യമേ അറസ്റ്റ് ചെയ്തില്ല എന്ന തന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ മറുപടി പറയണമെന്നുമദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകയിലെ ഹസൻ മണ്ഡലത്തിൽ നിന്ന് എൻ.ഡി.എയുടെ സഖ്യകക്ഷിയായി മത്സരിച്ച ജെ.ഡി.എസ്, എം.പി പ്രജ്വൽ രേവണ്ണ ഏപ്രിൽ 27 ന് തന്റെ നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് കടന്നുകളയുകയായിരുന്നെന്നും ഇത് ലജ്ജാകരമാണെന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.

തന്റെ ഹീനമായ പ്രവർത്തിയുടെ വീഡിയോ പ്രചരിക്കപ്പെട്ടതോടെ പ്രജ്വൽ നാടുവിടുകയായിരുന്നു. അതും തനിക്കെതിരെ ആദ്യ കേസ് ഫയൽ ചെയ്യുന്നതിന്റെ ഏതാനും മണിക്കൂറുകൾക്ക് മുൻപ്. രാജ്യം വിടാനും ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷപ്പെടാനും പ്രജ്വൽ തന്റെ നയതന്ത്ര പദവി ദുരുപയോഗം ചെയ്തു എന്നും സിദ്ധരാമയ്യ പ്രധാനമന്ത്രിക്കുള്ള കത്തിൽ പറഞ്ഞിരുന്നു.

ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ സർക്കുലറും പുറപ്പെടുവിച്ചിട്ടും പ്രജ്വൽ രേവണ്ണക്ക് ഇത്രയും നാൾ ഒളിവിൽ കഴിയാൻ സാധിച്ചത് ഗൗരവകരമായ കാര്യമാണെന്ന് കർണാടക മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.

‘ഈ വിഷയത്തിൽ സമാനമായ ആശങ്കകൾ ഉന്നയിക്കുന്ന കത്ത് ഞാൻ ഇതിന് മുൻപും അയച്ചിരുന്നു. എന്നാൽ സാഹചര്യത്തിന്റെ ഗൗരവമേറിയിട്ടും വിഷയത്തിൽ ഇതുവരെയും നടപടികൾ സ്വീകരിക്കാത്തത് ആശങ്കാജനകമാണ്,’ സിദ്ധരാമയ്യ കത്തിൽ പറഞ്ഞു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനായ പ്രജ്വൽ രേവണ്ണക്കെതിരെ നിരവധി സ്ത്രീകളാണ് ലൈംഗികതിക്രമ പരാതിയുമായി രംഗത്തെത്തിയത്.

 

Content Highlight: central minister Prahlad  joshi reacts towards Sidharaamayah