ഹോണടികളില്‍ തബലയും ഓടക്കുഴലും; നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
national news
ഹോണടികളില്‍ തബലയും ഓടക്കുഴലും; നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th September 2021, 6:29 pm

ന്യൂദല്‍ഹി: ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങളുടെ ഹോണുകളില്‍ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ ഹോണുകള്‍ക്ക് പകരം ഇന്ത്യന്‍ സംഗീതോപകരങ്ങളുടെ ശബ്ദത്തില്‍ ഹോണുകള്‍ നിര്‍മിക്കാന്‍ നിയമനിര്‍മാണം കൊണ്ടുവരാനാണ് നിതിന്‍ ഗഡ്ഗരി ശ്രമിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വാഹനങ്ങളില്‍ നിന്നും തബലയും ഓടക്കുഴലുമടക്കമുള്ള ഉപകരണങ്ങളുടെ ശബ്ദമുള്ള ഹോണുകളാവും ഉണ്ടാവുക.

‘ഞാന്‍ നാഗ്പൂരിലെ ഫ്‌ളാറ്റില്‍ പതിനൊന്നാം നിലയിലാണ് താമസിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂര്‍ ഞാന്‍ പ്രാണായാമം ചെയ്യാറുണ്ട്. പക്ഷേ വാഹനങ്ങളുടെ നിരന്തരമായ ഹോണടി ശബ്ദം എന്റെ പ്രഭാതത്തിലെ നിശബ്ദതയെ ശല്യപ്പെടുത്തുന്നുണ്ട്. ഇതോടെ, വാഹനങ്ങളുടെ ഹോണുകള്‍ എങ്ങനെ ശരിയായ രീതിയില്‍ പരിഷ്‌കരിക്കാമെന്ന ചിന്ത മനസില്‍ വന്നു. കാര്‍ ഹോണുകളുടെ ശബ്ദം ഇന്ത്യന്‍ ഉപകരണങ്ങളായിരിക്കണമെന്ന് ചിന്ത അങ്ങനെ തുടങ്ങിയതാണ്,’ ഗഡ്കരി പറയുന്നു.

തബല, വയലിന്‍, ഓടക്കുഴല്‍, ബ്യൂഗിള്‍ തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളില്‍ നിന്ന് കേള്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തില്‍ വാഹനങ്ങളിലെ ഹോണുകളുടെ പരാമാവധി ശബ്ദം 112 ഡെസിബലാണ്. എന്നാല്‍ ഈ ചട്ടം പല വാഹനങ്ങളും പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സൗണ്ട് മീറ്ററുകള്‍ ഉപയോഗിച്ച് ഹോണ്‍ ശബ്ദം അളക്കാറുണ്ടെന്നും, അനുവദിനീയമായ തോതിലും അധികമാണ് ഹോണ്‍ ശബ്ദമെങ്കില്‍ പിഴ ഈടാക്കാറുണ്ടെന്നും പറഞ്ഞ അദ്ദേഹം ഈ രീതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പില്‍ വരുത്തണമെന്നും കൂട്ടിച്ചേര്‍ത്തു.

ഹോണുകളുടെ ശബ്ദത്തില്‍ മാറ്റം വരുത്തുന്നതിനോടൊപ്പം പലയിടങ്ങളും നോ ഹോണ്‍ സോണുകളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Central Minister Nitin Gadkari: Will Introduce New Rule To Make Car Horn Sound Like Indian Musical Instrument