തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ള. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും മത ന്യൂനപക്ഷങ്ങളുടെ വികസനത്തിനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
ക്രിസ്ത്യന്‍ മതനേതാക്കളുമായുള്ള കൂടിക്കാഴ്ച്ച തുടരുമെന്നും റബര്‍ വില ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് റബര്‍ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മോദിയുടെ കീഴില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണ്. ക്രിസ്ത്യാനികളുടെ വികസനത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിനെക്കുറിച്ച് ക്രിസ്ത്യാനികളെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഞാനിന്നിവിടെ എത്തിയിരിക്കുന്നത്.
ക്രിസ്ത്യാനികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവരുടെ ആവശ്യങ്ങള്‍ നേരിട്ടറിയാനും വേണ്ടി സഭാ അധ്യക്ഷന്‍മാരുമായും കന്യാ സ്ത്രീകളുമായും വികാരിമാരുമായും ഞാന്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. റബര്‍ വില കൂട്ടണമെന്ന ആവശ്യം ചില നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതിനായി ഇന്ന് വൈകീട്ട് റബര്‍ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച നടത്തുന്നുണ്ട്,’ ജോണ്‍ ബര്‍ള പറഞ്ഞു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്കടുപ്പിക്കുന്നതിനായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച് പ്രതികരിക്കാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തയ്യാറായില്ല. ഇതിന് മുമ്പ് ഈസ്റ്റര്‍ ദിനത്തിലും ബി.ജെ.പി നേതാക്കള്‍ ക്രിസ്ത്യന്‍ സഭ അധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.