| Tuesday, 31st December 2019, 2:37 pm

പൗരത്വ നിയമ പ്രക്ഷോഭത്തിനിടെയുണ്ടായ കൊലയ്ക്കു പിന്നില്‍ കേന്ദ്രമന്ത്രി? ആരോപണമുയരുന്നത് മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായിരുന്ന ബി.ജെ.പി നേതാവിനെതിരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ മുസാഫര്‍നഗറിലെ ചെറുകിട വസ്ത്ര വ്യാപാരി കൊല്ലപ്പെട്ടതു കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിലാണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കുടുംബം. ജില്ലാ ഭരണകൂടത്തിന് ഈ കൊലയില്‍ പങ്കുണ്ടെന്നും നൂര്‍ മുഹമ്മദിന്റെ സഹോദരന്‍ ഉമര്‍ദാസ് കുറ്റപ്പെടുത്തി.

മുസാഫര്‍ നഗറില്‍ 2013-ല്‍ നടന്ന വര്‍ഗീയ കലാപത്തില്‍ പ്രതിയായ സഞ്ജീവ് കുമാര്‍ ബാലിയാന്റെ സാന്നിധ്യം അവിടെയുണ്ടായിരുന്നതായാണ് ആരോപണം. ബാലിയാന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയാണ്.

നൂര്‍ മുഹമ്മദ് പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സ്വന്തം കടയില്‍ നിന്നു വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടതെന്നും കുടുംബം പറഞ്ഞു. നെറ്റിയില്‍ വെടിയേറ്റ നിലയില്‍ അഴുക്കുചാലിലാണു മൃതദേഹം കിടന്നിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൃതദേഹം വീട്ടിലേക്കു കൊണ്ടുവരാന്‍ അനുവദിക്കാതിരുന്ന യു.പി പൊലീസ്, കിലോമീറ്ററുകള്‍ അകലെ മീററ്റിനു സമീപമുള്ള ഒരു ഗ്രാമത്തിലാണ് മൃതദേഹം അടക്കം ചെയ്യാന്‍ അനുമതി നല്‍കിയത്.

സംഭവവുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നും രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണു കൊല നടന്നതെന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ മുസാഫര്‍ നഗര്‍ എം.പി കൂടിയായ ബാലിയാന്‍ സംഭവസമയം അവിടെയുണ്ടായിരുന്ന ആരോപണം ശക്തമാവുകയാണ്.

മുസാഫര്‍നഗറിലുണ്ടായ വ്യാപക അക്രമത്തില്‍ ബലിയാനു പങ്കുള്ളതായി നേരത്തേതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസ് വെടിവെപ്പില്‍ ഇവിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

We use cookies to give you the best possible experience. Learn more