| Saturday, 25th August 2018, 11:09 am

700 കോടിക്ക് മുഖ്യമന്ത്രിയുടെ കയ്യില്‍ രേഖയുണ്ടോ?: കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എ.ഇ ഫണ്ട് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ. യു.എ.ഇ പ്രഖ്യാപിക്കാത്ത 700 കോടി രൂപയുടെ പേരില്‍ പിണറായി വിജയനും സി.പി.എമ്മും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്.

കേരളത്തിന് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. എന്നാല ഇരു സര്‍ക്കാരുകളും തമ്മിലുള്ള ഏട്ടുമുട്ടലിലേയ്ക്ക് കേരളം കാര്യങ്ങള്‍ കൊണ്ടുപോകുകയാണെന്ന് ബാബുല്‍ സുപ്രിയോ പറയുന്നു.

ജനങ്ങള്‍ വലിയ ദുരിതമനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യച്ചൂരിയടക്കം സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളും അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും തരംതാണ രാഷ്ട്രീയം കളിക്കുകയുമാണെന്ന് ബാബുല്‍ സുപ്രിയോ കുറ്റപ്പെടുത്തുന്നു.

അനാവശ്യ വിവാദങ്ങളുണ്ടാക്കി യു.എ.ഇയെക്കൂടി വിഷമവൃത്തത്തിലാക്കി. 700 കോടി രൂപ പ്രഖ്യാപിച്ചതിനു മുഖ്യമന്ത്രിയുടെ കയ്യില്‍ എന്ത് ഔദ്യോഗിക രേഖയാണുള്ളതെന്നും ബാബുല്‍ ചോദിച്ചു.

പ്രളയക്കെടുതിയുണ്ടായ ഉടന്‍ തന്നെ സാധ്യമായ എല്ലാ സഹായവും കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇനിയും കേരളത്തിനു വേണ്ട സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രളയ ദുരിതം നേരിടാന്‍ കേരളത്തിനു യു.എ.ഇ നല്‍കാമെന്നേറ്റ 700 കോടിയുടെ സഹായത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. യു.എ.ഇ ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എം.എ യൂസഫലിയാണ് സഹായത്തിന്റെ കാര്യം കേരള സര്‍ക്കാരിനെ അറിയിച്ചത്. സഹായം വേണോ വേണ്ടയോ എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more