ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കര്‍ഷക സംഘടനകളെ കുറ്റപ്പെടുത്തി വ്യോമയാന സഹമന്ത്രി വി.കെ സിംഗ്.
‘നിങ്ങള്‍ (കര്‍ഷകര്‍) കരിനിയമങ്ങള്‍ എന്ന് വിളിക്കുന്ന ഈ നിയമങ്ങളിലെ കറുപ്പ് എന്താണ്? മഷി ഒഴിച്ച് ഈ നിയമങ്ങളില്‍ മറ്റെന്താണ് കറുപ്പ് എന്ന് ഞാന്‍ ഒരു കര്‍ഷക നേതാവിനോട് ചോദിച്ചു,’ വി.കെ.സിംഗ് പറഞ്ഞു.
എന്റെ ചോദ്യത്തെ അംഗീകരിച്ച അദ്ദേഹം പക്ഷെ ഇത് കരിനിയമമാണെന്ന് ആവര്‍ത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സംഘടനകള്‍ക്കിടയില്‍ ആധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം നടക്കുന്നുണ്ട്. ചെറുകിട കര്‍ഷകരെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രി നിയമം തിരിച്ചെടുത്തതെന്നും മന്ത്രി പറഞ്ഞു.
ഗുരുനാനാക്കിന്റെ ജന്മദിനമായ വെള്ളിയാഴ്ച അപ്രതീക്ഷിതമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാര്‍ഷിക നിയമത്തിന് പിന്നിലെ ഉദ്ദേശശുദ്ധി കര്‍ഷകരോട് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നും രാജ്യത്തോട് മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞാണ് മോദി മൂന്ന് നിയമങ്ങളും പിന്‍വലിച്ചത്.
‘ഇത് ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചെന്ന് ഇന്ന് രാജ്യത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം.
അടുത്ത വര്‍ഷമാദ്യം ഉത്തര്‍പ്രദേശിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാന മന്ത്രിയുടെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയുടെ നിയന്ത്രണം ഒഴിവാക്കുക കര്‍ഷകര്‍ക്ക് മിനിമം വില ഉറപ്പുനല്‍കുന്ന സര്‍ക്കാര്‍ നിയന്ത്രിത മൊത്തവ്യാപാര വിപണികള്‍ക്കപ്പുറം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകരെ അനുവദിക്കുക എന്നീ കാരണങ്ങള്‍ പറഞ്ഞാണ് നിയമം ആവിഷ്‌കരിച്ചത്.
നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നത്.
സമരം ഒരു വര്‍ഷം തികയ്ക്കുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കര്‍ഷക സമരം ഒരു വര്‍ഷം തികയ്ക്കുന്ന നവംബര്‍ 26 വരെയാണ് സര്‍ക്കാരിന് സമയം കൊടുത്തിരിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Central minister against farmer’s union