തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഓറഞ്ച്. മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നാളെയുമാണ് ഒറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മഞ്ഞ അലേര്‍ട്ടാണുണ്ടാവുക.
കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.
‘മണ്ണിടിച്ചില്‍, വെള്ളക്കെട്ട് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ ഈ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ മേഖലകളിലെ യാത്രകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.
ജലാശയങ്ങളിലെ വെള്ളം പെട്ടെന്നുയരാനുള്ള സാധ്യതയും മലവെള്ളപാച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയുമുള്ളതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജഗ്രത തുടരേണ്ടതുണ്ട്.
മഴ തുടരുകയാണെങ്കില്‍ അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്തുള്ളവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കാനുള്ള നടപടിക സ്വീകരിക്കേണ്ടതാണ്.
പുഴകളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ അനാവശ്യമായി ഇറങ്ങാന്‍ പാടുള്ളതല്ല. ഉരുള്‍ പൊട്ടല്‍ സാധ്യത പ്രദേശങ്ങളില്‍ ഉള്ളവര്‍ അധികൃതരുടെ മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ചു മാറിത്താമസിക്കുക.
തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലും തമിഴ്‌നാട് മുതല്‍ മധ്യപ്രദേശ് വരെ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാലും വരും ദിവസങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതീവജാഗ്രത പാലിക്കാനും അപകട സാധ്യത ബോധ്യപ്പെട്ടാല്‍ ഉടനടി അധികൃതരുമായി ബന്ധപ്പെടാനും പ്രത്യേകം ശ്രദ്ധിക്കണം,’ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.