തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുകയതിനാല്‍ അടുത്ത അഞ്ച് ദിവസവും മലയോര മേഖലയില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.
പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ മാറി താമസിക്കാന്‍ തയ്യാറാവുകയും വേണം. പെട്ടെന്നുണ്ടാകുന്ന മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചില്‍ ഉണ്ടാകാനും നദികളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ നദികള്‍ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഴയുടെ സാഹചര്യം നോക്കി ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകളും, ഇത്തരം പ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
‘സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുകളെ ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ വിന്യസിച്ചു. ഇതിനു പുറമെ അഞ്ച് സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കാനായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തിര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1077ല്‍ ബന്ധപ്പെടാവുന്നതാണ്,’ മുഖ്യമന്ത്രി ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
CONTENT HIGHLIGHTS: Central Meteorological Department has announced that rains will continue in the hilly region for the next five days as the rains are intensifying in the state