രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് പരിഗണനയില്‍; അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍
national news
രാജ്യത്ത് ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് പരിഗണനയില്‍; അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2023, 3:43 pm

ന്യൂദല്‍ഹി: ലൈംഗിക ബന്ധത്തിനുള്ള അനുമതിയില്‍ പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് അഭിപ്രായം തേടി കേന്ദ്ര നിയമ കമ്മീഷന്‍. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോടാണ് അഭിപ്രായം തേടിയത്. പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.

നിലവില്‍ 18 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം അനുമതിയോടെ ആണെങ്കിലും ഇന്ത്യയില്‍ കുറ്റകരമാണ്. പോക്സോ വകുപ്പ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുകയാണ് പതിവ്.

എന്നാല്‍ പല സംസ്ഥാനങ്ങളിലും 16 വയസ് പിന്നിട്ടവര്‍ പരസ്പരം പ്രണയത്തിലായി ഉഭയസമ്മതത്തോടെ സെക്‌സില്‍ ഏര്‍പ്പെട്ട നിരവധി സംഭവങ്ങള്‍ കോടതിക്ക് മുന്നിലെത്താറുണ്ട്. ഇത്തരം കേസുകളില്‍ പ്രായപരിധിയിലെ വ്യത്യാസത്തിനായി നിയമനിര്‍മാണം സാധ്യമാണോ എന്ന് മധ്യപ്രദേശ്, കര്‍ണാടക ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് അഭിപ്രായം തേടിയിരുന്നു.

മെയ് 31ന് വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടത്. നിലവിലുള്ള സമൂഹത്തിലെ യാഥാര്‍ത്ഥ്യം കൂടി പരിഗണിച്ച് സെക്‌സിനുള്ള പ്രായപരിധി സംബന്ധിച്ച നിലപാട് പുനപരിശോധിക്കണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ ഗോത്ര വിഭാഗങ്ങളില്‍ ഇപ്പോഴും ചെറിയ പ്രായത്തില്‍ വിവാഹം നടക്കുന്നുണ്ട്. പരസ്പരം വിവാഹിതരായ ശേഷവും ആളുകള്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജയിയില്‍ കിടക്കേണ്ടി വരുന്നു എന്ന പ്രശ്‌നങ്ങളും നിയമ കമ്മീഷന്‍ ഇക്കാര്യത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Content Highlights: Central law commission to check legal age to sex in india