| Friday, 25th June 2021, 5:29 pm

കേന്ദ്ര ഐ.ടി. മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവം; ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ശശി തരൂര്‍ എം.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐ.ടി. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ ശശി തരൂര്‍ എം.പി.

മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികള്‍ എന്നിവ ആരായുമെന്നാണ് ശശി തരൂര്‍ വ്യക്തമാക്കിയത്.

നേരത്തെ വൈറലായ റാസ്പുട്ടിന്‍ വീഡിയോ പങ്കുവെച്ചപ്പോഴും സമാനമായ രീതിയില്‍ തന്റെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നെന്ന് ശശി തരൂര്‍ പറഞ്ഞു.

ഒരു മണിക്കൂറില്‍ അധികമാണ് കേന്ദ്രമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. മന്ത്രി തന്നെയാണ് തന്റെ അക്കൗണ്ട് ഒരു മണിക്കൂറോളം തനിക്ക് ഉപയോഗിക്കാനായില്ലെന്ന കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

യു.എസ്.എയുടെ ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമം ലംഘിച്ചതിനാലാണ് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റര്‍ നല്‍കിയ വിശദീകരണം. അക്കൗണ്ട് ലഭിക്കാന്‍ ട്വിറ്ററിന്റെ കോപ്പി റൈറ്റ് പോളിസി വീണ്ടും റിവ്യൂ ചെയ്യണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടതായി രവിശങ്കര്‍ പിന്നീട് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെ മാനിക്കുന്നവരല്ലെന്നും സ്വന്തം അജണ്ട പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരാണെന്നുമാണ്. അവര്‍ വരയ്ക്കുന്ന നിയന്ത്രണ രേഖ നിങ്ങള്‍ ലംഘിച്ചാല്‍ നിങ്ങളെ അവര്‍ അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് ഏകപക്ഷീയമായി നീക്കംചെയ്യുമെന്നും അക്കൗണ്ട് തിരിച്ചു കിട്ടിയതിന് പിന്നാലെ രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ കുറെ നാളുകളായി ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സ്വകാര്യ നയം സംബന്ധിച്ച് വലിയ പോര് നടക്കുന്നതിനിടയിലാണ് ഐ.ടി. മന്ത്രിയുടെ അക്കൗണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്ത നടപടി ഉണ്ടായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  Central IT Minister’s account frozen; Shashi Tharoor says seeks explanation from Twitter

We use cookies to give you the best possible experience. Learn more