'മോദിയും അമിത്ഷായും പ്രതിപക്ഷ നേതാക്കളെ കാണുന്നത് ശത്രുക്കളായാണ്'; അശോക് ഗെഹ്‌ലോട്ട്
national news
'മോദിയും അമിത്ഷായും പ്രതിപക്ഷ നേതാക്കളെ കാണുന്നത് ശത്രുക്കളായാണ്'; അശോക് ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th October 2023, 1:15 pm

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാക്കളെ തിരഞ്ഞെടുത്ത് ടാര്‍ഗറ്റ് ചെയ്യാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ്.

ബി.ജെ.പി എതിരാളികളെ നേരിടാനായി സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായ-നികുതി വകുപ്പ് തുടങ്ങിവയെ ദുരുപയോഗം ചെയ്യുകയാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡി. എല്ലായിടത്തും റെയ്ഡുകള്‍ നടത്തുന്നുണ്ടെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആരോപിച്ചു.

‘പ്രധാനമന്ത്രി രാജ്യത്ത് ചെയ്യുന്നതെല്ലാം തെറ്റായ കാര്യങ്ങളാണ്, അത് മാപ്പര്‍ഹിക്കാത്തതുമാണ്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമായി ബി.ജെ.പിയുടെ ഇഷ്ടത്തിന് തുള്ളാതെ, ഏജന്‍സികള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കണം.

70,000 കോടി രൂപയുടെ അഴിമതി നടത്തിയതിന് എന്‍.സി.പിയെ അപകീര്‍ത്തിപ്പെടുത്തിയതിന് രണ്ട് ദിവസത്തിനുശേഷം പ്രധാന പ്രതിയായ അജിത് പവാറിനെ ബി.ജെ.പിയില്‍ ഉള്‍പ്പെടുത്തുകയും മഹാരാഷ്ട്രയില്‍ ധനവകുപ്പ് നല്‍കുകയും ചെയ്തു. ഇങ്ങനെ ബി.ജെ.പിയില്‍ ചേരുന്നതിലൂടെ നിങ്ങള്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് രക്ഷ നേടുന്നു. രാജസ്ഥാനിലെ സഞ്ജീവനി അഴിമതി കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെക്കാവത്ത് പ്രതിയാണ്. രാജ്യാന്തര ഇടപാടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇ.ഡി. അന്വേഷണത്തിന് ഞങ്ങള്‍ നിരവധി തവണ കേന്ദ്രസര്‍ക്കാരിന് കത്തയച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ജയ്പൂരിലെ സ്വകാര്യ ലോക്കറുകളില്‍ 500 കോടി രൂപയും 50 കിലോ സ്വര്‍ണവും കിടക്കുന്നുണ്ടെന്ന് ബി.ജെ.പി എം.പി കിരോഡി ലാല്‍ മീന കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ആദ്യം അന്വേഷിക്കേണ്ട കേസ് ഇ. ഡി യും ആദായനികുതി വകുപ്പ് അധികൃതരും ചേര്‍ന്ന് അന്വേഷിക്കുകയായിരുന്നു.

മോദിയും അമിത്ഷായും എതിരാളികളെ കാണുന്നത് ശത്രുക്കളായാണ്. തീര്‍ച്ചയായും കാലം അവരെ പഠിപ്പിക്കും. യു.പി.എ യുടെ പത്ത് വര്‍ഷത്തെ ഭരണത്തില്‍ 112 റെയ്ഡുകള്‍ നടന്നപ്പോള്‍, മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം കൊണ്ട് 3,010 റെയ്ഡുകള്‍ നടത്തി. യു.പി.എ സര്‍ക്കാര്‍ 93 ശതമാനം കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ 29 ശതമാനം കേസുകളില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. രാജ്യം മുഴുവന്‍ നിസ്സഹായാവസ്ഥയിലാണ്’. അശോക് ഗെഹ്‌ലോട്ട് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Central Investigative Agencies are being misused to selectively target Opposition