| Monday, 16th March 2020, 7:30 pm

കൊവിഡ് 19: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിമ്മിംഗ് പൂളുകള്‍, മാളുകള്‍ എന്നിവ അടച്ചിടണം; കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനു പുറമെ രാജ്യത്തെ സിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.

യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചുണ്ട്. ഗള്‍ഫില്‍ നിന്നും വരുന്ന യാത്രക്കാരെ മാറ്റി പാര്‍പ്പിക്കണമെന്നും ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ഇന്ത്യയിലെത്തുന്ന വിദേശി പൗരന്മാരിലും കൊവിഡ് കാണുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

കൊവിഡ് 19 തടയുന്നതിനായി പൊതു ഗതാഗതം പരമാവധി ഒഴിവാക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

സ്‌കൂളുകള്‍ അടക്കുന്നതു മൂലം നഷ്ടപെടുന്ന ദിനങ്ങള്‍ പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ആളുകള്‍ തമ്മില്‍ ഇടപെടുമ്പോള്‍ ഒരുമീറ്റര്‍ ദൂരം അകലം പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ട്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടു വരരുതെന്ന് വിമാനകമ്പനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച പകല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്റെ നേതൃത്വത്തില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇനിയെന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ വകുപ്പ് രംഗത്തെത്തിയത്.

രാജ്യത്ത് ഇതുവരെ 114 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

We use cookies to give you the best possible experience. Learn more