തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിനു മുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നു കയറ്റമാണ് ഊര്‍ജിത് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചതെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് ഈ രാജി തെളിയിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുനിരോധനുവമായി ബന്ധപ്പെട്ടാണ് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു. “റിസര്‍വ് ബാങ്കിനെ പരിപൂര്‍ണ്ണമായി കേന്ദ്ര സര്‍ക്കാരിന്റെ വരുതിയില്‍ വരുത്താനുള്ള നീക്കമാണ് കുറച്ചു കാലമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. ആദ്യത്തെ വിയോജിപ്പ് നോട്ടു നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു. ആര്‍.ബി.ഐയോട് കൂടിയാലോചിക്കാതെയായിരുന്നു ഈ തീരുമാനം. ആര്‍.ബി.ഐ നോട്ടുനിരോധനത്തിന് മാപ്പു സാക്ഷിയാവുകയായിരുന്നു”.
“സാമാന്യ വിവരമുള്ള ആര്‍ക്കും മനസ്സിലാവും അതൊരു പമ്പര വിഢിത്തമാണെന്ന്. അത് ആര്‍.ബി.ഐയുടെ തലയില്‍ കെട്ടി വെച്ച് തടിയൂരാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം”.
“അന്ന് നോട്ടു നിരോധിച്ച സമയത്ത് ഒരു മൂന്ന് നാല് ലക്ഷം കോടി രൂപ തിരിച്ചു വരില്ല, അപ്പോള്‍ ആര്‍.ബി.ഐയുടെ ലയബിലിറ്റി അത്രയും കുറയുകയും റിസേര്‍വ് കൂടുകയും ചെയ്യുകയും, ആ പണം കേന്ദ്ര സര്‍ക്കാരിന് എടുക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍.എന്നാല്‍ എല്ലാ പണവും തിരിച്ചു വന്നപ്പോള്‍ നോട്ടു നിരോധനത്തില്‍ നിന്ന് ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും തങ്ങള്‍ക്ക് മൂന്ന് ലക്ഷം കോടി രൂപം കിട്ടണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്”.
ആര്‍.ബി.ഐയുടെ അധിക ധനം ചെലവഴിക്കാന്‍ കൃത്യമായ നയം കൊണ്ടുവരണം: അരുണ്‍ ജെയ്റ്റലി
“ഇത് ആര്‍.ബി.ഐക്ക് സ്വീകര്യമായിരുന്നില്ല. ആര്‍.ബി.ഐ റിസേര്‍വിലുള്ള പണം ലാഭം അല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കുള്ള കരുതലാണെന്നുമായിരുന്നു ആര്‍.ബി.ഐയുടെ പക്ഷം. ഈ അഭിപ്രായഭിന്നത ഉടലെടുത്തപ്പോള്‍ തന്നെ ഊര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു”- തോമസ് ഐസക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
“കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭയങ്കര ജാള്യതയാണ് ഈ രാജി ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് ഈ രാജി തെളിയിക്കുന്നത്. ഊര്‍ജിത് പോയാലും കുഴപ്പമില്ല, തങ്ങള്‍ പിടിച്ചെടുക്കാനുദ്ദേശിച്ച പണം കിട്ടണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്”.
ഇത് മോദി സര്‍ക്കാരിന്റെ വീട്ടു കാര്യമല്ലെന്നും ഊര്‍ജിത്തിനു പകരം തോന്നിയ പോലെ ആര്‍.ബി.ഐയില്‍ നിയമനം നടത്തന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീയില്‍ കേന്ദ്ര ബാങ്കിന്റെ മേല്‍ അവിടത്തെ സര്‍ക്കാര്‍ കൈയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും അതേ തുടര്‍ന്ന് ഗവര്‍ണ്ണര്‍ രാജി വെച്ചതും അര്‍ജന്റീനയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. അതു പോലൊരു സാഹചര്യത്തിന്റെ സംഭവ്യം ഇന്ത്യയിലും തള്ളിക്കളയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.