തല്‍ക്കാലം പശുവിനെ കെട്ടിപ്പിടിക്കേണ്ട; കൗ ഹഗ് ഡേ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
national news
തല്‍ക്കാലം പശുവിനെ കെട്ടിപ്പിടിക്കേണ്ട; കൗ ഹഗ് ഡേ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th February 2023, 5:31 pm

ന്യൂദല്‍ഹി: പ്രണയദിനം കൗ ഹഗ് ഡേ ആയി ആഘോഷിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മൃഗക്ഷേമ വകുപ്പാണ് നിര്‍ദേശം പിന്‍വലിക്കുന്നതായി അറിയിച്ചത്.

ഫെബ്രുവരി 14 വാലന്റെന്‍സ് ഡേ പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവ് ഫെബ്രുവരി ആറിനായിരുന്നു വന്നത്.

പശു അമ്മയാണെന്നും പശുവിനെ ആലിംഗനം ചെയ്യുന്നത് വഴി ജീവിതത്തില്‍ സന്തോഷം വന്നുചേരുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. രാജ്യത്തിന്റെ സംസ്‌കാരത്തിന്റേയും സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണ് പശു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിലെത്തിച്ചു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തേയും മറക്കാന്‍ ഇടയാക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമാണെന്നും ബോര്‍ഡ് പറഞ്ഞിരുന്നു.

എന്നാല്‍ ബോര്‍ഡ് ഇപ്പോള്‍ ഈ ഉത്തരവ് പിന്‍വലിച്ചിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പശു ആലിംഗന പദ്ധതിക്കെതിരെ വലിയ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു. ബാക്കിയെല്ലാം പോട്ടെ, കെട്ടിപ്പിടിക്കാനാണ് വരുന്നതെന്ന് പശുവിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്നയിരുന്നു സോഷ്യല്‍ മീഡിയയിലെ ചോദ്യം. ഇന്നിപ്പോള്‍ കെട്ടിപ്പിടിക്കാന്‍ പറഞ്ഞു, നാളെ ഇനി പശുവിനെ കല്യാണം കഴിക്കാന്‍ പറയില്ലെന്ന് ആരു കണ്ടു എന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചിരുന്നു.

പ്രണയദിനത്തില്‍ സിംഗിള്‍ ആയവരുടെ വിഷമം മനസിലാക്കാന്‍ മോദി സര്‍ക്കാരിനായല്ലോ എന്ന് നെടുവീര്‍പ്പിടുന്നവരും കുറവല്ലായിരുന്നു. വരും ദിവസങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ കൂടുതല്‍ വരുന്നത് ചവിട്ടാത്ത പശുവിനെ എങ്ങനെ കണ്ടുപിടിക്കാം എന്നായിരിക്കുമെന്നും ചിലര്‍ ട്രോളി.

അതേസമയം ബജറ്റില്‍ നിന്നും അദാനിയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തന്ത്രമാണിതെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു.

ജാതിയുടേയും മതത്തിന്റേയും വേലിക്കെട്ടുകള്‍ കൂടുതല്‍ ശക്തമാകുന്ന ഇന്ത്യയില്‍ മനുഷ്യര്‍ക്ക് തമ്മില്‍ കെട്ടിപ്പിടിക്കാന്‍ കഴിയാതെയായെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

Content Highlight: Central govt withdraws Cow Hug Day on February 14th