| Monday, 25th July 2016, 8:56 pm

രാജ്യത്തെ പൊതുമേഖല എണ്ണകമ്പനികളെ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ പൊതുമേഖല എണ്ണകമ്പനികളെ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. രാജ്യത്തെ 13 പൊതുമേഖല എണ്ണകമ്പനികളെ ലയിപ്പിച്ച് ഒറ്റ ഭീമന്‍ കമ്പനിയാക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായുളള കൂടിയാലോചനകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു.

നിലവില്‍ എണ്ണ വിതരണ രംഗത്തെ ആഗോള ഭീമനായ ചെവ്‌റോണിന് സമാനമായി ഇന്ത്യയില്‍ നിന്നും ഒരു കമ്പനിയെ സ്യഷ്ടിക്കുക എന്ന സ്വപ്‌നമാണ് ഇതിന് പിന്നില്‍. ഫോര്‍ച്ച്യൂണ്‍ മാഗസിന്റെ 500 പ്രമുഖ കമ്പനികളുടെ പട്ടികയില്‍ അമേരിക്കന്‍ ഭീമനായ ജനറല്‍ മോട്ടേഴ്‌സുമായി മത്സരിക്കുകയാണ് ചെവ്‌റോണ്‍. നിലവില്‍ രാജ്യത്തെ 13 കമ്പനികളെ ലയിപ്പിച്ചാല്‍ ചെവ്‌റോണിനേക്കാള്‍ വലിയ കമ്പനിയായി ഇത് മാറുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ലയനം സംബന്ധിച്ച ആശയം ക്യാബിനറ്റ് സെക്രട്ടറിയേറ്റ് പെട്രോളിയം മന്ത്രാലയത്തിന് കൈമാറി.

സുരക്ഷ, വികസനം, വിശകലനം ഉള്‍പ്പടെ എണ്ണവിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളും ഇതിന്റെ കീഴില്‍ വരുന്ന നിലയില്‍ ലയിപ്പിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. ലയനം സാധ്യമായാല്‍ പുതിയ കമ്പനിയുടെ വിപണി വിഹിതം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഷ്യയുടെ പൊതുമേഖല സ്ഥാപനമായ റോസ്‌നെറ്റിന് മുകളില്‍ വരും. വിറ്റുവരവിന്റെയും, അറ്റാദായത്തിന്റെയും അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെയും മറികടന്ന് ഇന്ത്യയിലെ മികച്ച ഒന്നാമത്തെ കമ്പനിയായി ഇത് മാറുമെന്ന നിഗമനത്തിലാണ് എണ്ണ മന്ത്രാലയം. ഈ പശ്ചാത്തലത്തില്‍ വിവിധ പൊതുമേഖല എണ്ണകമ്പനികളുടെ അഭിപ്രായം തേടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഒ.എന്‍.ജി.സിയുടെ നേത്യത്വത്തില്‍ 13 പൊതുമേഖല കമ്പനികളെ ലയിപ്പിക്കുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്. പത്തുവര്‍ഷം മുന്‍പ് ഇത്തരം നിര്‍ദേശം സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് ചൂണ്ടികാട്ടി ഈ പദ്ധതി തളളുകയായിരുന്നു. 201516 സാമ്പത്തിക വര്‍ഷത്തില്‍ 13 പൊതുമേഖല എണ്ണകമ്പനികളുടെ ലാഭം 45,500 കോടിയാണ്. ഈ കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയില്‍ വരുന്ന ആറ് കമ്പനികളുടെ വിപണി മൂല്യം മാത്രം 7700 കോടി ഡോളര്‍ വരും. റോസ്‌നെറ്റിന്റെ വിപണി മൂല്യം കേവലം 5500 കോടി ഡോളര്‍ മാത്രമാണെന്നിരിക്കയൊണ് ഈ വര്‍ദ്ധിച്ച വിപണി മൂല്യമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more