കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകള്‍ നല്‍കാന്‍ കേന്ദ്രനിര്‍ദേശം: അതിപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്നത് മൊബൈല്‍ ആപ്പിലൂടെ
Kerala News
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകള്‍ നല്‍കാന്‍ കേന്ദ്രനിര്‍ദേശം: അതിപ്രധാന വിവരങ്ങള്‍ ശേഖരിക്കുന്നത് മൊബൈല്‍ ആപ്പിലൂടെ
എന്‍.എ ബക്കര്‍
Wednesday, 26th September 2018, 12:03 pm

 

ന്യൂദല്‍ഹി: കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിഭവ വിതരണ-ആസൂത്രണ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ഈ ഡാറ്റകള്‍ അപ് ലോഡ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓരോ സംസ്ഥാനങ്ങളെയും സംബന്ധിച്ച് അടിസ്ഥാന തലത്തിലുള്ള ഏറ്റവും വിലപിടിപ്പുള്ള രേഖയാണിത്. അതാണ് ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കാനൊരുങ്ങുന്നത്. അതു നല്‍കുന്നതോടെ കേരളത്തിലെ വാര്‍ഡ് തലം മുതലുള്ള വിഭവ ആസൂത്രണ വിതരണ വിവരങ്ങള്‍ ഒരു സര്‍വ്വറിനു കീഴില്‍ കേന്ദ്രീകൃതമായി ലഭ്യമാകും. ഇത് രേഖകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.

ജനകീയാസൂത്രണ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി (Grama Panchayath Development Plan – GPDP) യുടെ ഭാഗം എന്ന നിലയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഡാറ്റ ആവശ്യപെട്ടിരിക്കുന്നത്. കേരളത്തില്‍ ജനകീയാസൂത്രണത്തിന്റെ തുടക്ക കാലഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിഭവ വിതരണ ഡാറ്റകള്‍ ചോര്‍ത്തി കൊടുക്കുന്നു എന്ന പേരില്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഇടതു പക്ഷ ചിന്തകര്‍ക്ക് ഇടിയില്‍ ചേരി തിരിഞ്ഞുള്ള താത്വിക ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയാക്കുകയും ചെയ്തിരുന്നു.

Also Read:കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം

ഇപ്പോള്‍ യാതൊരു ആശങ്കയും ഉയര്‍ത്താതെ 2019 – 20 വാര്‍ഷിക പദ്ധതി തയാറാക്കുന്നതിനുള്ള ഉത്തരവിന്റെ കൂടെ ഡാറ്റ കൈമാറാനുള്ള അറിയിപ്പ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. “എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും പദ്ധതി ആസൂത്രണവും നിര്‍വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതി വിവരക്കണക്കുകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വിവരശേഖരണ സംവിധാനത്തിന് നല്‍കണം. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിവരങ്ങളെ അടിസ്ഥാനമാക്കി ഗ്രാമപഞ്ചായത്തുകളെ കേന്ദ്രസര്‍ക്കാര്‍ റാങ്ക് ചെയ്യുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ഡാറ്റാ അപ് ലോഡ് ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിശദമാക്കിക്കൊണഅടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഭരണ സമിതികളേയും ഇതിന് ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍തന്നെ പുറപ്പെടുവിക്കുന്നതാണ്.” സെപ്തംബര്‍ 19 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

ഈ സാമ്പത്തിക വര്‍ഷാവസാനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഇടയുള്ളതിനാല്‍ ഡിസംബറോടെ പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കേന്ദ്രം നടപ്പാക്കുന്ന പുതിയ ഗ്രാമപഞ്ചായത്ത് വികസന പദ്ധതി പ്രകാരം കേരളത്തിലെ പദ്ധതികളില്‍ മാറ്റം ആവശ്യപെടുന്നില്ല. എന്നാല്‍ ഡാറ്റ നല്‍കണം എന്നു പ്രത്യേകം നിഷ്‌കര്‍ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

Also Read:സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാവില്ല; ഇനി ആധാര്‍ വേണ്ടാത്ത സേവനങ്ങള്‍ ഇവയൊക്കെ

ഏതു തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഇതിന്റെ ചുമതല എന്നു വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇത്രയും നിര്‍ണ്ണായകമായ ഡാറ്റ കൈ മാറാന്‍ ഒരു മൊബൈല്‍ ആപ് ആണ് നിര്‍ദ്ദേശിക്കപെട്ടിട്ടുള്ളത്. ഇതിനുള്ള പ്രത്യേക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും എന്നും പ്ലാന്‍ മോണിറ്ററിങ് സോഫ്ട് വെയറായ സുലേഖ വഴി കേന്ദ്ര സര്‍ക്കാരിന്റെ പ്ലാന്‍ പ്ലസ് എന്ന് അഡീഷണല്‍ സൈറ്റിലേക്ക് ഡാറ്റ നല്‍കാനാണ് ആവശ്യപെട്ടിരിക്കുന്നത്.