| Tuesday, 27th November 2018, 9:02 am

കീഴാറ്റൂര്‍ ബൈപാസ് അലൈന്‍മെന്റില്‍ മാറ്റമില്ല; പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസ് നിര്‍മാണപദ്ധതികളുമായി മുന്നോട്ട് പോകുമെന്ന കേന്ദ്രസര്‍ക്കാര്‍.ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണമെന്നും കേന്ദ്രം പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലുണ്ട്.

ജനുവരി 11 ാം തീയതി ഭൂവുടമകള്‍ രേഖകളുമായി ഹാജരാകണം. അലൈന്‍മെന്റില്‍ മാറ്റമില്ലാതെയാണ് ബൈപ്പാസ് നിര്‍മാണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തില്‍ അലൈന്‍മെന്റ് പുന:പരിശോധിക്കണമെന്ന് കേന്ദ്രസംഘം കഴിഞ്ഞ ജുലൈയിലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വയലിന് നടുവിലെ തോടും കൃഷിയും സംരക്ഷിക്കണമെന്നും ഇത് സംബന്ധിച്ച് പഠിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍  ചൊവ്വയിലിറങ്ങി

തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയില്‍ അലൈന്‍മെന്റ് മാറണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. കീഴാറ്റൂരില്‍ ബൈപ്പാസ് ആവശ്യമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കൃഷി സംരക്ഷിച്ചു മാത്രമേ ബൈപ്പാസ് പാടുള്ളുവെന്നും വിശദമാക്കിയിരുന്നു.

കോഴിക്കോട് നല്ലളം മുതല്‍ കാസര്‍ഗോഡ് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമെന്ന നിലയ്ക്ക് കണ്ണൂരിലെ തന്നെ കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന 5 കിലോമീറ്റര്‍ അലൈന്‍മെന്റിനായുള്ള നടപടികള്‍ 2012ല്‍ തുടങ്ങിയിരുന്നു. 2016ല്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമവിജ്ഞാപനവും വന്നിരുന്നു. എന്നാല്‍ ഈ രൂപരേഖ അട്ടിമറിച്ച് കീഴാറ്റൂരില്‍ വയല്‍ നികത്തി പാത നിര്‍മിക്കുന്നതിനെതിരെയാണ് സമരം ആരംഭിച്ചിരുന്നത്.

ദേശീയ പാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ചാണ് കീഴാറ്റൂര്‍വഴി പുതിയ ബൈപ്പാസ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. പാത വന്നാല്‍ കീഴാറ്റൂര്‍ ഗ്രാമവും 250 ഏക്കറോളം വരുന്ന നെല്‍പ്പാടവും ഇല്ലാതാകുന്ന സ്ഥിതിയാണുള്ളത്. പ്രദേശത്തിന്റെ ജലസംഭരണി കൂടിയാണ് ഈ വയലുകള്‍. വയലുകള്‍ മണ്ണിട്ട് നികത്തുന്നതോടെ കടുത്ത ജലക്ഷാമം ആയിരിക്കും സമീപത്തെ ഗ്രാമങ്ങള്‍ക്ക് നേരിടേണ്ടി വരിക.

We use cookies to give you the best possible experience. Learn more