പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രം
national news
പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th April 2020, 7:43 pm

ന്യൂദല്‍ഹി: വിദേശത്തുവെച്ച് മരണപ്പെടുന്ന  ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടില്‍ കൊണ്ടു വരുന്നത് സംബന്ധിച്ച തടസ്സങ്ങള്‍ നീങ്ങി. വിദേശത്തുവെച്ച് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.

ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സാധിക്കും.

അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കാന്‍ സാധിക്കില്ല. ഈ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സമീപ പ്രദേശങ്ങളില്‍ തന്നെ സംസ്‌കരിക്കും.

ബ്യൂറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ വിദേശത്തേക്ക് തിരികെ കൊണ്ടു പോയിരുന്നു. ചില മൃതദേഹങ്ങള്‍ നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്‍ഫ് നാടുകളിലും കുടുങ്ങികിടക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൂടി അനുമതിയോടെയായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുക.

അതേസമയം വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. ഇന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബേ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.