| Tuesday, 12th September 2017, 11:58 pm

100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചരിത്രത്തില്‍ ആദ്യമായി 100 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ സ്ഥാപക നേതാവുമായ എം.ജി.ആറിന്റെയും പ്രശസ്ത ഗായിക ഡോ.എം.എസ്.സുബ്ബലക്ഷ്മിയുടെയും സ്മരണാര്‍ത്ഥം നാണയം പുറത്തിറക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് ധനമന്ത്രാലയം പുറത്ത് വിട്ടു. ഇരുവരുടെയും സ്മരണാര്‍ത്ഥം അഞ്ച്, പത്ത് രൂപ നാണയങ്ങളും പുറത്തിറക്കും.

നാണയത്തിന്റെ ഒരുവശത്ത് നടുക്കായി അശോകസ്തംഭവും താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. ഇതേവശത്ത് ദേവനാഗിരി ലിപിയിലും മറുവശത്ത് ഇംഗ്ലീഷിലും നൂറ് രൂപ എന്ന് രേഖപ്പെടുത്തിയിരിക്കും. രൂപയുടെ ചിഹ്നവും ഇതിലുണ്ടാകും.


Also Read: വിവാഹ മോചനത്തിന് പുനര്‍വിചിന്തന സമയം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി


രണ്ട് തരത്തിലുള്ള നാണയങ്ങളാണ് മന്ത്രാലയം പുറത്തിറക്കുന്നത്. ഇതിലൊന്നില്‍ സുബ്ബലക്ഷ്മിയുടെയും മറ്റൊന്നില്‍ എം.ജി.ആറിന്റെയും ചിത്രവുമുണ്ടാകും. 35 ഗ്രാമായിരിക്കും നാണയത്തിന്റെ ഭാരം.

വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയുടെ മിശ്രിതമുപയോഗിച്ചാണ് പുതിയ നാണയങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എം.ജി.ആറിന്റെയും സുബ്ബലക്ഷ്മിയുടെയും ജന്മദിനങ്ങളോടനുബന്ധിച്ചാണ് കറന്‍സി രൂപത്തിലുള്ള നൂറ് രൂപ നാണയമാക്കി പുറത്തിറക്കുന്നതെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more