|

പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട കള്ളപ്പണ വിവരങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട കള്ളപ്പണ വിവരങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രത്യക്ഷ നികുതി ബോര്‍ഡ് അധ്യക്ഷന്‍ സൂശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് വാര്‍ത്തക്ക് പിന്നിലെ വസ്തുതകളന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്.

ധനകാര്യ രഹസ്യാന്വേഷണ വിഭാഗത്തിലേയും ആര്‍.ബി.ഐ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലേയും പ്രതിനിധികള്‍ അന്വേഷണസംഘത്തിലുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ സംയുക്ത കൂട്ടായ്മയായ പാരഡൈസ് പേപ്പേഴ്സാണ് കള്ളപ്പണ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.


Also Read: സ്ത്രീകളുടെ മാനത്തിന് വിലപറയുന്ന മാഫിയകളെ വളര്‍ത്താന്‍ മാത്രമേ ഹിമാചലില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുള്ളുവെന്ന് യോഗി ആദിത്യനാഥ്


ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സെയ്റ്റങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും 96 മാധ്യമങ്ങളുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണ വിവരങ്ങള്‍ കണ്ടെത്തിയത്.

ലഭിച്ച വിവരങ്ങള്‍ “പാരഡൈസ് പേപ്പര്‍” എന്ന പേരില്‍ പുറത്തുവിടുകയായിരുന്നു. കേന്ദ്രമന്ത്രിമാരും ഉന്നതനേതാക്കളും ബിസിനസുകാരുമടക്കം 714 ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ചാണ് പാരഡൈസ് പേപ്പേഴ്സ് വാര്‍ത്ത പുറത്തുവിട്ടത്. കേന്ദ്രവ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എം.പി ആര്‍.കെ സിന്‍ഹ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യ ദത്ത്, 2 ജി സ്പെക്ട്രം കേസിലെ ഇടനിലക്കാരി നീരാ റാഡിയ എന്നിവരുള്‍പ്പടെ 714 ആളുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.


Also Read:  ‘പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററുകള്‍ കത്തിക്കും’; ഹിന്ദുക്കളെ മോശമാക്കി ചിത്രീകരിച്ച് കാശുണ്ടാക്കുന്ന നായയാണ് ബന്‍സാലിയെന്ന് ബി.ജെ.പി എം.എല്‍.എ, വീഡിയോ


കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ടിലുള്ളതു പ്രകാരം മിക്ക ഇന്ത്യക്കാരും ആപ്പിള്‍ബൈ എന്ന നിയമ സ്ഥാപനവുമായാണ് കള്ളപ്പണ നിക്ഷേപം നടത്തിയത്. കേന്ദ്രവ്യാമയാന സഹമന്ത്രിതന്നെ ആരോപണത്തില്‍ ഉള്‍പ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതേതുടര്‍ന്നാണ് വസ്തുതാന്വേഷണത്തിനായി പ്രത്യേകസമിതിയെ കേന്ദ്രം നിയോഗിച്ചത്.