| Monday, 21st December 2020, 3:34 pm

യു.കെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ സ്‌ട്രെയ്ന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്നതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം തടയുന്നതിനായി എത്രയും വേഗം സര്‍വീസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്നും അനാവശ്യമായി ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.

ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ് ഉണ്ടെന്ന് കഴിഞ്ഞദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

അയര്‍ലാന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നിവയെല്ലാം വിമാനങ്ങള്‍ നിര്‍ത്തിവവെച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നെതര്‍ലാന്‍ഡ് നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി 1 വരെയാണു നെതര്‍ലന്‍ഡിന്റെ വിമാന നിരോധനം. ബ്രിട്ടനില്‍നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ അര്‍ധരാത്രി മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് അയല്‍രാജ്യമായ ബെല്‍ജിയം അറിയിച്ചു.

ബ്രിട്ടനില്‍ കൊവിഡ് വാക്സിന്റെ പുതിയ സ്ട്രെയിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു. ക്രിസ്തുമസ് പ്രമാണിച്ച് ബ്രിട്ടന്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കൊറോണ വൈറസിന്റെ പുതിയ സ്ട്രെയിനുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

ബ്രിട്ടിഷുകാര്‍ അവരുടെ ക്രിസ്മസ് പദ്ധതികള്‍ റദ്ദാക്കി വീട്ടില്‍ത്തന്നെ തുടരേണ്ടിവരുമെന്ന് ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതേസമയം രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ് സൗദി അറേബ്യ. കര, വ്യോമ, സമുദ്ര അതിര്‍ത്തികളെല്ലം സൗദി അടച്ചു.

വിമാന സര്‍വീസുകളെല്ലാം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരിക്കുക. നിലവില്‍ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഒരാഴ്ചയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഒരുപക്ഷേ നീട്ടിയേക്കാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Central Govt cancels flights from UK due new corona virus strain spreading

We use cookies to give you the best possible experience. Learn more