[] ന്യൂദല്‍ഹി: നെല്ലും ഗോതമ്പും ഉള്‍പ്പെടെയുള്ള 21 വിളകളില്‍ ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ജനിതക വിളകള്‍ ഉണ്ടാക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അനുമതി.
പരിസ്ഥിതി പ്രവര്‍ത്തകരുടേയും സംഘടനകളുടേയും എതിര്‍പ്പ് മറികടന്നാണ് പുതിയ സര്‍ക്കാര്‍ ജനിതക വിളകള്‍ക്ക് പരീക്ഷണാനുമതി നല്‍കുന്നത്. ജനിതകമാറ്റ പരീക്ഷണത്തിന് അനുമതി തേടി 28 അപേക്ഷകളാണ് ജനിതക വിള പരീക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സമിതിക്ക് മുമ്പാകെ എത്തിയത്.
ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ സമിതി ഒരു വര്‍ഷമായി കൂടിയിരുന്നില്ലെന്നും ജയന്തി നടരാജന്‍ വകുപ്പു മന്ത്രിയായിരുന്ന സമയത്താണ് ഈ ആശയക്കുഴപ്പമുണ്ടായതെന്നും വനം, പരിസ്ഥിതി സെക്രട്ടറി ഹേം പാണ്ഡെ വ്യക്തമാക്കി.
ജനിതക വിളകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനകള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നുവെന്നാരോപിച്ച് സര്‍ക്കാര്‍ ഈയിടെ നടപടികളാരംഭിച്ചിരുന്നു. ജനിതകമാറ്റം വരുത്തിയ വിളകള്‍ സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ ശക്തമാണെന്നും ജൈവ സുരക്ഷയ്ക്കു വെല്ലുവിളിയുണ്ടാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ഭക്ഷ്യ വിളകള്‍ക്ക് നിരോധനം വരികയാണെങ്കില്‍ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ജനിതക വിളകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ പുതിയ തീരുമാനത്തിന് ന്യായീകരണമായി വ്യക്തമാക്കുന്നു.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ജയറാം രമേശും ജയന്തി നടരാജനും പരീക്ഷണത്തിന് എതിരായിരുന്നെങ്കിലും വീരപ്പ മൊയ്‌ലി പരിസ്ഥിതി മന്ത്രിയായതിന് ശേഷം പരീക്ഷണങ്ങള്‍ അനുവദിച്ചിരുന്നു. ജനിതകമാറ്റ പരീക്ഷണം നിരോധിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയും നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു.