ന്യൂദല്‍ഹി: കേരളത്തില്‍ നടന്ന മരുന്ന് പരീക്ഷണങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരീകരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മരുന്ന് പരീക്ഷണത്തിന് വിധേയരായ നാല്‍പത് പേരെങ്കിലും മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. []
കേരളത്തില്‍ ഏറ്റവും അധികം മരുന്ന് പരീക്ഷണം നടന്നതായി ഇന്ത്യാവിഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും തിരുവനന്തപുരം ആര്‍.സി.സിയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്.
അഞ്ച് വര്‍ഷത്തിനിടെ അമൃതയില്‍ മരുന്നുപരീക്ഷണത്തിന് വിധേയരായവരില്‍ പത്ത് പേരുടെ മരണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ ജി.എസ്.കെ യുടെ ലാപ്റ്റിനിബ്, നോവാര്‍ട്ടിസിന്റെ അലിസ്‌കിരേന്‍, ക്വിന്റില്‍സ് കമ്പനിയുടെ ക്യാപിസിറ്റാബിന്‍ തുടങ്ങിയ മരുന്നുകളാണ് അമൃതയില്‍ പരീക്ഷിച്ചത്. ഡോക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍, ഗോപിചെല്ലന്‍, ഷിബിന്‍ ടി എസ്, പവിത്രന്‍, സുബ്രഹ്മണ്യ അയ്യര്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരീക്ഷണങ്ങള്‍.
ഗുരുതരമായ രോഗങ്ങളോടൊപ്പം പരീക്ഷിക്കപ്പെട്ട മരുന്നിന്റെ പാര്‍ശ്വഫലങ്ങളും മരണ കാരണമായിട്ടുണ്ടാകാമെന്ന് ഇന്‍ഡോറിലെ ആരോഗ്യ പ്രവര്‍ത്തകന്‍ ഡോ.ആനന്ദ് റായിക്ക് ലഭ്യമാക്കിയ വിവരാവകാശ രേഖയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണത്തിന് വിധേയരായ പത്ത് പേര്‍ മരിച്ചു. ഇവിടെ ഡോക്ടറായ രജനീഷ് കുമാറിന്റെ നേത്യത്വത്തില്‍ നടന്ന മറ്റ് മൂന്ന് ഗവേഷണത്തിനിടെയും മൂന്ന് പേര്‍ മരിച്ചു.
കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ 2010ല്‍ പരീക്ഷണത്തിനിടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഉമ്മര്‍ കാരാടിന്റെ നേതൃത്വത്തില്‍ സഫിനാമിസ് എന്ന മരുന്ന് പരീക്ഷണത്തിന് വിധേയരായ രണ്ട് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
വാര്‍ത്തയെ തുടര്‍ന്ന് അടച്ചുപൂട്ടിയ തിരുവനന്തപുരം ഹെല്‍ത്ത് ആന്റ് റിസര്‍ച്ച് സെന്ററില്‍ പരീക്ഷണത്തിന് വിധേയരായ മൂന്ന് പേര്‍ മരിച്ചു. ഡോക്ടര്‍മാരായ മാത്യൂ തോമസ്, കെ.രാജേന്ദ്രന്‍, ജോണ്‍ അലക്‌സാണ്ടര്‍ എന്നിവരായിരുന്നു ഗവേഷകര്‍. നോവാര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ മരുന്നാണ് മൂവരും പരീക്ഷിച്ചത്.