| Wednesday, 12th October 2022, 8:55 am

ദല്‍ഹി കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ വിധിച്ച ജസ്റ്റിസ് മുരളീധറിനെതിരെ പ്രതികാര നടപടി തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് എസ്. മുരളീധറിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ച ജസ്റ്റിസ് എസ്. മുരളീധരന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.

സെപ്റ്റംബര്‍ 28ന് കൊളീജിയം നല്‍കിയ പട്ടികയിലെ മറ്റ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സ്ഥലമാറ്റം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ മുരളീധറിന്റെ കാര്യത്തില്‍ മാത്രം ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.

2020 ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മുരളീധര്‍ നടത്തിയ വിധികളും നിരീക്ഷണങ്ങളും വ്യാപക ശ്രദ്ധ നേടിയിരുന്നു.

ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് മുരളീധര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയിലെ പ്രമുഖ നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെയായിരുന്നു അദ്ദേഹം നടപടിക്ക് ഉത്തരവിട്ടത്.

രാജ്യത്ത് 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കാനാകില്ലെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെ മുന്നറിയിപ്പോ നിര്‍ദേശങ്ങളോ കൂടാതെ മുരളീധറിനെ സ്ഥലം മാറ്റുകയായിരുന്നു.

ഫെബ്രുവരി 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ദല്‍ഹിയില്‍ കലാപം നടക്കുന്നത്. ഫെബ്രുവരി 26നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ പൊലീസ് നടപടിക്ക് ജസ്റ്റിസ് ഉത്തരവിട്ടത്. അന്ന് രാത്രിയോടെയാണ് പഞ്ചാബ്-ഹരിയാന കോടതിയില്‍ നിന്നും ഒഡീഷ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ദല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി പണിമുടക്കും നടത്തിയിരുന്നു.

എന്നാല്‍ 2020 ഫെബ്രുവരി 12ന് തന്നെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദേശം ലഭിച്ചിരുന്നെന്നും സാധാരണയായ നടപടി മാത്രമാണ് നടന്നതെന്നുമായിരുന്നു സര്‍ക്കാറിന്റെ മറുപടി.

അഭിഭാഷക ജോലി ആരംഭിച്ച സമയം മുതല്‍ ജനകീയ പ്രസ്ഥാനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേണ്ടി നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് മുരളീധര്‍ ഭോപ്പാല്‍ ദുരന്തത്തിലെയും നര്‍മദ കുടിയൊഴിപ്പിക്കലിലെയും ഇരകള്‍ക്ക് വേണ്ടി കോടതിയിലെത്തിയതോടയാണ് ശ്രദ്ധേയനാകുന്നത്.

1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് വിധിച്ച ജീവപര്യന്തം, 1987ല്‍ ഹാഷിംപുരയിലെ 42 മുസ്‌ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് വിധിച്ചത് തുടങ്ങിയവയാണ് ജസ്റ്റിസ് പദവിയിലെത്തിയ ശേഷം അദ്ദേഹം നടത്തിയ സുപ്രധാന വിധികള്‍. സ്വവര്‍ഗാനുരാഗത്തെ കുറ്റകരമല്ലാതാക്കിയ 2009ലെ ഹൈക്കോടതി ബെഞ്ചിലും മുരളീധര്‍ അംഗമായിരുന്നു.

Content Highlight: Central Govt against Justice S Muralidhar’s  transfer

We use cookies to give you the best possible experience. Learn more