ന്യൂദല്‍ഹി: ഇറക്കുമതിചെയ്ത വൈദ്യുതോല്‍പ്പാദന ഉപകരണങ്ങളുടെയും കല്‍ക്കരിയുടെയും വില 5,500 കോടിയില്‍പരം രൂപ പെരുപ്പിച്ചുകാട്ടിയെന്ന കേസില്‍ അദാനി ഗ്രൂപ്പിനെതിരായ കേസ് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. അദാനി ഗ്രൂപ്പുമായി കേന്ദ്രം ഒത്തുകളിക്കുകയാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 21 ന് ഡി.ആര്‍.ഐ കോടതി അദാനി ഗ്രൂപ്പിനെതിരായ നടപടി ഉപേക്ഷിക്കുകയായിരുന്നു. അപ്പീല്‍ നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ ഇതുവരെയും അപ്പീല്‍ നല്‍കാനുള്ള നീക്കം ഡി.ആര്‍.ഐ അധികൃതര്‍ നടത്തിയിട്ടില്ല.
Also Read: മലപ്പുറം കരുവാരകുണ്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ.എം ഭരണം
മുംബൈയിലെ കസ്റ്റംസ്, എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ട്രിബ്യൂണലിന് അപ്പീല്‍ നല്‍കാനുള്ള സമയപരിധിയും ചൊവ്വാഴ്ച അവസാനിക്കുകയാണ്. 2014 മേയിലാണ് അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, മഹാരാഷ്ട്ര ഈസ്റ്റേണ്‍ ഗ്രിഡ് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരെ ഡി.ആര്‍.ഐ നടപടി ആരംഭിച്ചത്.
ഇന്തോനേഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെയും വൈദ്യുതി ഉല്‍പ്പാദന ഉപകരണങ്ങളുടെയും വില 5,500 കോടിയോളം രൂപ അധികമായി കാണിച്ചതിന് അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കുകയും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും വകുപ്പുകളുണ്ടെന്ന് ഡി.ആര്‍.ഐ അറിയിക്കുകയും ചെയ്തിരുന്നു.
ഇറക്കുമതിച്ചെലവ് ഉയര്‍ത്തിക്കാണിക്കുന്നതിലൂടെ, അദാനി ഗ്രൂപ്പ് ഉല്‍പ്പാദിപ്പിച്ച് വിതരണംചെയ്യുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 50 പൈസ മുതല്‍ രണ്ട് രൂപ വരെ അധികം ഈടാക്കാന്‍ കഴിയും. അദാനി ഗ്രൂപ്പിനെതിരായ നടപടി ഡി.ആര്‍.ഐ കോടതി തള്ളിയത് രഹസ്യമാക്കിവയ്ക്കാനായിരുന്നു അധികൃതരുടെ ശ്രമം.
ആഗസ്ത് 21ന്റെ കോടതി തീരുമാനം 25ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നു വൈകിട്ട് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി അന്നത്തെ റവന്യൂ സെക്രട്ടറി ഹന്‍സ്മുഖ് അദിയയെ സന്ദര്‍ശിച്ചതായും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ ധനകാര്യസെക്രട്ടറിയുടെ ചുമതല കൈകാര്യംചെയ്യുന്നത് ഹന്‍സ്മുഖാണ്. സമാനമായ കേസില്‍ കെ.ഐ.പി.എല്‍ എന്ന കമ്പനിക്കെതിരായ നടപടി തള്ളിയ ഡി.ആര്‍.ഐ കോടതിക്കെതിരെ സര്‍ക്കാര്‍ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.