| Wednesday, 3rd August 2022, 6:41 pm

ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; പദ്ധതി പുതിയ ബില്‍ അവതരിപ്പിക്കാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡാറ്റാ സംരക്ഷണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്ലിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുന്നത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയും ബില്‍ പിന്‍വലിക്കുകയുമായിരുന്നു.

ബില്‍ പിന്‍വലിച്ച് സമഗ്രമായ ഒരു പുതിയ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ ബില്ലിന് വഴിയൊരുക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂട് തയ്യാറാക്കി വരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായി സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നുണ്ട്.

സര്‍ക്കാറും സ്വകാര്യ കമ്പനികളും വ്യക്തികളും ഇത്തരം വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ചട്ടക്കൂട്, ഡാറ്റ സംരക്ഷണ അതോരിട്ടി രൂപവത്കരിക്കുന്നതടക്കം വിവിധ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ടായിരുന്നു. അതേസമയം, ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാറിനെ ഡാറ്റ സംരക്ഷണ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

2019 ഡിസംബര്‍ 11 നാണ് ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ബില്‍ പരിശോധിച്ച് റിപ്പോര്‍ട്ടിനായി സഭകളുടെ സംയുക്ത സമിതിക്ക് റഫര്‍ ചെയ്യുകയും സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് 2021 ഡിസംബര്‍ 16 ന് ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. ഡാറ്റാ സ്വകാര്യതാ നിയമം പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് അയച്ചത്.

രാജ്യ സുരക്ഷയും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ നിയമം സര്‍ക്കാരിന് വ്യാപകമായ അധികാരം നല്‍കിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Content Highlight: Central government withdraws personal data protection bill

We use cookies to give you the best possible experience. Learn more