| Saturday, 28th May 2022, 9:09 am

മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കളും വിഗ്രഹങ്ങളും തമിഴ്‌നാടിന് കൈമാറാന്‍ കേന്ദ്രം; ദല്‍ഹിയില്‍ നടക്കുന്ന പരിപാടിയിലേക്ക് മന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോഷ്ടിക്കപ്പെട്ട 10 പുരാവസ്തുക്കളും പ്രതിമകളും വിഗ്രഹങ്ങളും തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

2020- 2022 സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്നും തിരികെയെത്തിച്ച നാല് പുരാവസ്തുക്കളും കഴിഞ്ഞ വര്‍ഷം യു.എസില്‍ നിന്നും തിരികെയെത്തിച്ച ആറ് പുരാവസ്തുക്കളുമാണ് കേന്ദ്രം തമിഴ്‌നാടിന് തിരിച്ചുനല്‍കുന്നത്.

നന്ദികേശ്വര പ്രതിമ (13ാം നൂറ്റാണ്ട്), വിഷ്ണു പ്രതിമ (11- 12 നൂറ്റാണ്ട്), പാര്‍വതീ വിഗ്രഹം (11- 12 നൂറ്റാണ്ട്), ശിവ- പാര്‍വതീ വിഗ്രഹം (12ാം നൂറ്റാണ്ട്) സംബന്ധര്‍ (11ാം നൂറ്റാണ്ട്) എന്നിവയാണ് കൈമാറ്റം ചെയ്യപ്പെടുന്നവയിലെ പ്രധാന പുരാവസ്തുക്കള്‍.

2020ല്‍ ഓസ്‌ട്രേലിയയില്‍ നിന്നും തിരികെയെത്തിച്ച ദ്വാരപല വിഗ്രഹമാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. 15- 16 നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന വിജയനഗര്‍ രാജവംശത്തിന്റെ സമയത്തുള്ളതായിരുന്നു കല്ല് കൊണ്ടുള്ള ഈ പ്രതിമ.

1994ല്‍ തിരുനെല്‍വേലിയിലെ മൂണ്‍ട്രീശ്വരമുദയാര്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതായിരുന്നു.

ഇവ അടുത്തയാഴ്ച തമിഴ്‌നാടിന് കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, ദല്‍ഹിയില്‍ വെച്ച് അടുത്തയാഴ്ച നടക്കാനിരിക്കുന്ന പുരസ്‌കാര കൈമാറ്റ ചടങ്ങിലേക്ക് കേന്ദ്ര മന്ത്രിമാരെ ക്ഷണിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാരും തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരുമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക.

മറ്റ് സംസ്ഥാനങ്ങളുടേതായ പുരാവസ്തുക്കളും വൈകാതെ അതത് സര്‍ക്കാരുകള്‍ക്ക് കൈമാറുമെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഢി പറഞ്ഞു.

തമിഴ്‌നാടിന് പിന്നാലെ ആന്ധ്രാ പ്രദേശിനും രാജസ്ഥാനുമായിരിക്കും ഇത്തരത്തില്‍ കേന്ദ്രം അടുത്തതായി പുരാവസ്തുക്കള്‍ കൈമാറുകയെന്നാണ് വിവിധ സ്രോതസുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്.

Content Highlight: Central government will hand over 10 stolen antiquities and idols to Tamil Nadu government next week

We use cookies to give you the best possible experience. Learn more