മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
national news
മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th April 2022, 4:48 pm

ന്യൂദല്‍ഹി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹരജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം തേടി കേന്ദ്രസര്‍ക്കാര്‍. വിശദമായ മറുപടി ഫയല്‍ ചെയ്യാന്‍ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ മാര്‍ച്ച് 30 വരെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാന്‍ സമയം അനുവദിച്ചിരുന്നത്. കേസില്‍ നാളെ അന്തിമ വാദം കേള്‍ക്കാനാരിക്കെയാണ് കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

ഹരജിയുടെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കിയിരുന്നു. മീഡിയ വണ്‍ നല്‍കിയ ഹരജികള്‍ക്കൊപ്പമാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയും കോടതി പരിഗണിക്കുന്നത്.

 

Content Highlights: Central government wants more time to respond to Media One ban