| Wednesday, 29th November 2023, 9:28 pm

കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയിലെ എല്ലാ നിര്‍മ്മാണ തൊഴിലാളികള്‍ക്കും സ്‌പെഷ്യല്‍ തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ തിരിച്ചറിയല്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിക്കുകയും ഇ-ശ്രം ഡാറ്റാബേസുമായി സംയോജിപ്പിക്കുകയും ചെയ്യുമെന്നും ലേബര്‍ സെക്രട്ടറി ആര്‍തി അഹൂജ പറഞ്ഞു.

ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായ ലേബര്‍ രേഖകള്‍ നല്‍കുന്നതിലൂടെ അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും കഴിയുമെന്നും ആര്‍തി അഹൂജ ചൂണ്ടിക്കാട്ടി.

ഏതെങ്കിലും കാരണത്താല്‍ തൊഴിലിടങ്ങളില്‍ മാറ്റം വരുകയാണെങ്കില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുന്നതിനായി ഈ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ലേബര്‍ സെക്രട്ടറി വ്യക്തമാക്കി. വരുന്ന ആഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറപ്പെടുവിക്കുമെന്നും ലേബര്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കൂടാതെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഔട്ട്സോഴ്സ് തൊഴിലാളികളെ കോണ്‍ട്രാക്റ്റര്‍മാര്‍ തൊഴില്‍ മേഖലകളില്‍ വര്‍ധിച്ച തോതില്‍ ഉപയോഗിക്കുന്നതില്‍ അഹൂജ ആശങ്ക അറിയിച്ചു.

അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി ആക്ടിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ നാല് ലേബര്‍ കോഡുകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ കോണ്‍ട്രാക്റ്റര്‍മാരോട് ആവശ്യപ്പെടുമെന്ന് അഹൂജ പറഞ്ഞു. മിനിമം വേതനം, തൊഴില്‍ സുരക്ഷ, ടോയ്ലറ്റുകള്‍, വര്‍ക്ക്സൈറ്റ് ക്രെച്ചുകള്‍ തുടങ്ങിയവയാണ് നാല് ലേബര്‍ കോഡുകള്‍.

തൊഴിലിടങ്ങളില്‍ മതിയായ പാര്‍പ്പിടം, ശുചിത്വം, അവകാശങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ ഉറപ്പാക്കുന്ന നടപടികള്‍ വികസിപ്പിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നതായി ലേബര്‍ സെക്രട്ടറി പറഞ്ഞു.

ന്യൂദല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ.എല്‍.ഒ) പിന്തുണയോടെ ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് എംപ്ലോയേഴ്സും (എ.ഐ.ഒ.ഇ) ഫിക്കിയും സംഘടിപ്പിച്ച ‘ദ മൈഗ്രേഷന്‍ കോണ്‍ക്ലേവിനെ’ അഭിസംബോധന ചെയ്തുകൊണ്ടാണ് ലേബര്‍ സെക്രട്ടറി ആര്‍തി അഹൂജ സര്‍ക്കാരിന്റെ തീരുമാനം അറിയിച്ചത്.

Content Highlight: Central government to make special identification documents mandatory for migrant workers

We use cookies to give you the best possible experience. Learn more