'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ തിങ്കളാഴ്ച്ച ലോക്‌സഭയില്‍; പാസാവാന്‍ പ്രതിപക്ഷം കനിയണം
national news
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ തിങ്കളാഴ്ച്ച ലോക്‌സഭയില്‍; പാസാവാന്‍ പ്രതിപക്ഷം കനിയണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 11:36 am

ന്യൂദല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ തിങ്കളാഴ്ച്ച നിയമസഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘാവാളാണ് ബില്‍ അവതരിപ്പിക്കുക. അതേസമയം ബില്ലിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.

പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണെങ്കില്‍ ബില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിന് വേണ്ടിയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വഴി കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്നോണം നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാണ് കേന്ദ്രം പദ്ധതി ഇടുന്നത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെപ്പറ്റി പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ഈ സമിതിയും അനുകൂല പ്രതികരണമാണ് നല്‍കിയത്.

തെരഞ്ഞെടുപ്പുകള്‍ വിവിധ ഘട്ടങ്ങളിലായി നടത്തുമ്പോള്‍ ഏകദേശം 45000 കോടിയുടെ ചെലവ് കേന്ദ്രസര്‍ക്കാരിന് വരുന്നുണ്ടെന്നും ഈ ചെലവ് കുറയ്ക്കാന്‍ ഒറ്റ തെരഞ്ഞൈടുപ്പ് വഴി സാധിക്കും എന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കഴിയുമെന്നും കേന്ദ്രം അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചാലും 362 എം.പിമാരുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമെ പാസാക്കി എടുക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ എന്‍.ഡി.എയ്ക്ക് നിലവില്‍ 297 അംഗങ്ങളാണുള്ളത്. അതിനാല്‍ തന്നെ കേന്ദ്രത്തിന് ഈ ബില്‍ പാസാക്കി എടുക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയുടേയും തൃണമൂലിന്റെയുമൊക്ക പിന്തുണ വേണ്ടി വരും. അതിനാല്‍ ഇവരുടെ തീരുമാനവും നിര്‍ണായകമാകും.

അതേസമയം ബില്ലിനെപ്പറ്റി പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്. ഒരു സംസ്ഥാന സര്‍ക്കാര്‍ ആറ് മാസത്തിനുള്ളില്‍ വീഴുകയോ ഭൂരിപക്ഷം നഷ്ടപ്പെടുകയോ ചെയ്താല്‍, 4.5 വര്‍ഷത്തേക്ക് സംസ്ഥാനം സര്‍ക്കാരില്ലാതെ തുടരേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു.

അതേസമയം ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബില്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് എം.പി ജയറാം രമേശും ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Central Government to introduce Constitution Amendment Bill for One Nation One Election