സി.എ.എ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വിജ്ഞാപനം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
national news
സി.എ.എ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വിജ്ഞാപനം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 6:25 pm

ന്യൂദല്‍ഹി: രാജ്യത്ത് സി.എ.എ നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന നിര്‍ണായക നീക്കമാണിത്.

2019 ഡിസംബര്‍ 19ന് ആണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട വിഷയമായിരുന്നു രാജ്യത്ത് സി.എ.എ നടപ്പിലാക്കുമെന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. പൗരത്വ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി ചെയ്യാമെന്നും ഇതിനായുള്ള പോര്‍ട്ടല്‍ സജ്ജമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ബുദ്ധമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവരുള്‍പ്പെട്ട മുസ്‌ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് സി.എ.എ നിയമത്തില്‍ പറയുന്നു.

ഇതുപ്രകാരം ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനുള്ള ചട്ടങ്ങളാണ് നിലവില്‍ ബി.ജെ.പി സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

2019ല്‍ പാസാക്കിയ സി.എ.എ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.

സി.എ.എ നിയമം മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ അടിവരയിട്ട് പറയുന്ന മതേതര തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ മതക്കാരെ സംരക്ഷിക്കുയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ മാനുഷിക നടപടിയാണിതെന്നാണ് കേന്ദ്രം നിയമത്തെ ന്യായീകരിച്ചത്.

Content Highlight: Central government to implement CAA