| Wednesday, 22nd February 2023, 7:46 pm

'സര്‍ക്കാര്‍ ചെലവില്‍ പതഞ്ജലിക്ക് വിപണി സൃഷ്ടിക്കാന്‍ കേന്ദ്രം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വിപണി സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നതായി ഡോ. വി. ശിവദാസന്‍ എം.പി. പൊതുഖജനാവിലെ പണവും സര്‍ക്കാരിന്റെ അധികാരവും ഉപയോഗിച്ച് വനിതാ സ്വയം സഹായസംഘങ്ങളെ പതഞ്ജലി ഉത്പന്നങ്ങളുടെ ഡീലര്‍മാര്‍ ആക്കാനാണ് യൂണിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനായി ഗ്രാമവികസന മന്ത്രാലയവും പതഞ്ജലിയുമായി നവംബര്‍ 2022ല്‍ കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ പ്രകാരം നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്റെ ‘ദേശീയ വിഭവശേഷി സംഘടന’ആയി പതഞ്ജലിയെ മന്ത്രാലയം അംഗീകരിച്ചിരിക്കുകയാണ്.

ഗുണനിലവാരം ഇല്ലാത്തത് എന്ന് കണ്ട് ഉത്തരാഖണ്ഡില്‍ അഞ്ചോളം പതഞ്ജലി മരുന്നുകള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നിരോധിച്ചിരുന്നു. ഇത്തരം ഉത്പന്നങ്ങളുടെ ഡീലര്‍മാരാക്കി വനിതാ സ്വയം സഹായസംഘങ്ങളെ മാറ്റുക എന്നതാണ് ലക്ഷമെന്നും വി. ശിവദാസന്‍ പറഞ്ഞു.

വി. ശിവദാസന്‍ എം.പി.

‘വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകളിലൂടെ സമൂഹത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ശക്തി കൂട്ടി തന്റെ വ്യവസായ സാമ്രാജ്യം വളര്‍ത്താന്‍ ശ്രമിക്കുന്ന ബാബാ രാംദേവിന് ഒത്താശ ചെയ്യുന്ന ആര്‍.എസ്.എസ് നിലപാട് ആണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

കൊവിഡിന്റെ സമയത്ത് കൊറോനില്‍ എന്ന അശാസ്ത്രീയ മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടി എന്ന് കളവ് പ്രചരിപ്പിക്കാന്‍ പോലും മടി കാണിക്കാത്ത കമ്പനിയെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വളര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്,’ വി. ശിവദാസന്‍ എം.പി. പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: central government to create market for Patanjali at government expense

We use cookies to give you the best possible experience. Learn more