ന്യൂദല്‍ഹി: സുപ്രിംകോടതിയും ദേശീയ ഹരിത ട്രിബ്യൂണലും കേന്ദ്രപരിസ്ഥിതി മന്ത്രാലയവും നേരത്തെ തള്ളിക്കളഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാടുമായി ബി.ജെ.പി സര്‍ക്കാര്‍.
പദ്ധതിയുമായി ബന്ധപ്പെട്ട് കെ.ജി.എസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ട് പോവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ദ്ധ സമിതിയാണ് അനുമതി നല്‍കിയത്. കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ഭൂമി വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന വാദം വെള്ളിയാഴ്ച ഉച്ചക്ക് ചേര്‍ന്ന പരിസ്ഥിതി മന്ത്രാലയം യോഗം തള്ളിയിരുന്നു.
കെ.ജി.എസ് ഗ്രൂപ്പിന് വേണ്ടി പരിസ്ഥിതി പഠനം നടത്തിയ എന്‍വിറോ കെയര്‍ എന്ന സ്ഥാപനത്തിന് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
പദ്ധതിക്കെതിരായി ശക്തമായി നില നിന്ന ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. നേരത്തെ യു.പി.എ സര്‍ക്കാരായിരുന്നു പദ്ധതി കൊണ്ട് വന്നിരുന്നത്. ഇതിനെതിരെ ആറന്മുള പൈതൃക ഗ്രാമ കര്‍മ്മസമിതിയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി യും സംഘപരിവാര്‍ സംഘടനകളും രംഗത്ത് ഇറങ്ങിയിരുന്നത്.