ന്യൂ ദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് എതിരെ പരാമര്‍ശം നടത്തിയതിന് പിന്നാലെ യു.എസ് നയതന്ത്രജ്ഞയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് കേന്ദ്രസര്‍ക്കാര്‍.
യു.എസിന്റെ ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബെനയെ ആണ് വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. ഏകദേശം 40 മിനിറ്റോളം ഈ കൂടിക്കാഴ്ച നീണ്ടുനിന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ദല്‍ഹി മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മുമ്പ് പറയുകയായിരുന്നു. സംഭവഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും യു.എസ് പ്രതികരിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിക്കുന്ന വിദേശ രാജ്യം ജര്‍മനിയായിരുന്നു. ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതില്‍ ജര്‍മനിയോട് ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.
‘ആരോപണങ്ങല്‍ നേരിടുന്ന ഏതൊരാളെപ്പോലെയും നീതിയുക്തവും നിക്ഷ്പക്ഷവുമായ വിചാരണക്കുള്ള അവകാശം അരവിന്ദ് കെജ്‌രിവാളിനുണ്ട്. എല്ലാ നിയമവഴികളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിന് കഴിയണം. അതിന് തടസങ്ങളുണ്ടാകരുത്. നിരപരാധിത്വം തെളിയിക്കാനുള്ള സാധ്യത നിയമവാഴ്ചയുടെ അടിസ്ഥാനമാണ്.
അത് അദ്ദേഹത്തിനും സാധ്യമാകണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അരവിന്ദ് കെജ്‌രിവാളിന്റെ കാര്യത്തിലും നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ പറഞ്ഞിരുന്നു.
Content Highlight: Central Government Summons US Diplomat Over Comments On Kejriwal Arrest