ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ സ്ഥാപിച്ച, ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളെയെല്ലാം എന്‍.ഡി.എ സര്‍ക്കാര്‍ വ്യവസായികള്‍ക്കും പ്രബലര്‍ക്കും കൈമാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിച്ചു. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന സാന്‍വറിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രി ആയിരിക്കെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ്, ഓള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളെല്ലാം നിലവില്‍ വന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഐ.ഐ.എമ്മും എയിംസ് പോലുള്ള ആശുപത്രികളും സ്ഥാപിച്ച ജവഹര്‍ലാല്‍ നെഹ്റു രാജ്യത്തെ മുന്നോട്ട് നയിക്കാനുള്ള വികസന മാതൃകകളാണ് ഒരുക്കിയിരുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
എന്നാല്‍ അത്തരത്തില്‍ സ്ഥാപിച്ചതും തുടങ്ങിവെച്ചതുമായ സ്ഥാപനങ്ങള്‍ വ്യവസായികള്‍ക്ക് തീറെഴുതി നല്‍കുമ്പോഴും ജനങ്ങളില്‍ നിന്ന് നികുതിപണം വാങ്ങാന്‍ ലജ്ജയില്ലേയെന്നും പ്രിയങ്ക ചോദിച്ചു.
സ്വകാര്യ കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ച തങ്ങളുടെ പെന്‍ഷന്‍ പണം എന്താണ് ചെയ്യുന്നതെന്നുള്ള ആശങ്കയിലാണ് സര്‍ക്കാര്‍ ജീവനക്കാരെന്ന് പ്രിയങ്ക ആരോപിച്ചു. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും സര്‍ക്കാരിന് സ്വന്തമായി സ്വത്തോ സമ്പാദ്യമോ ഇല്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
എന്നാല്‍ പൊതുസ്വത്തുക്കളില്‍ നിന്ന് ബി.ജെ.പി കോടികള്‍ കൊള്ളയടിക്കുന്നുവെന്നും പ്രിയങ്ക ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിയുടെ നയമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും പദ്ധതികളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ പണം പൊതുജനങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
’70 വര്‍ഷം കോണ്‍ഗ്രസ് ഇന്ത്യയില്‍ ഒന്നും ചെയ്തില്ലെന്ന് മോദി പറയുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ചത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്‌കൂളിലാണ്. മോദി ജി കോളേജില്‍ പോയിട്ടുണ്ടോ എന്നെനിക്കറിയില്ല. കോളേജ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോണ്‍ഗ്രസ് കൊണ്ടുവന്ന കമ്പ്യൂട്ടര്‍ ഉപയോഗിച്ചായിരിക്കും അദ്ദേഹം തന്റെ വിവരങ്ങള്‍ അച്ചടിച്ചിട്ടുണ്ടാവുക,’ പ്രിയങ്ക പറഞ്ഞു.
തന്റെ പിതാവായ രാജീവ് ഗാന്ധി ഇന്ത്യയിലേക്ക് കമ്പ്യൂട്ടര്‍ കൊണ്ടുവരണമെന്ന് ആഗ്രഹിച്ചപ്പോള്‍ മോദിയുടെ പോലെയുള്ള നേതാക്കള്‍ അതിനെ എതിര്‍ത്തിരുന്നെന്നും അവരുടെ പേരുകള്‍ എടുത്ത് പറയുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്ക് 15,000 കോടിയുടെ കുടിശ്ശിക കൊടുക്കാനുള്ളപ്പോഴാണ് പൊതുപണത്തില്‍ നിന്ന് 8000 കോടിയുടെ രണ്ട് വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങിയതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസമുള്ള യുവാക്കള്‍ തൊഴില്‍രഹിതരാണെന്നും പ്രിയങ്ക പറഞ്ഞു. മധ്യപ്രദേശിലെ 7000 സ്‌കൂളുകള്‍ അടച്ചതിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗം വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.