| Sunday, 24th July 2022, 1:41 pm

ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.എസ്.എന്‍.എല്ലില്‍ മൂന്നരവര്‍ഷത്തില്‍ ഇല്ലാതായത് ഒന്നരലക്ഷം തൊഴിലവസരങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് രാജ്യസഭയില്‍ കേന്ദ്ര വിവരവിനിമയ സഹമന്ത്രി ദേവുസിങ് ചൗഹാന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ല്‍ 1,66,974 സ്ഥിരം ജീവനക്കാരും 49,114 കരാര്‍ ജീവനക്കാരുമടക്കം 2,15,088 പേര്‍ ബി.എസ്.എന്‍.എല്ലില്‍ ഉണ്ടായിരുന്നു. 2019ല്‍ തന്നെ 115,614 പേരെ പിരിച്ചുവിട്ടു.

തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ആയിരകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാര്‍ മൂന്നിലൊന്നായി ചുരുങ്ങി. 2017ന് ശേഷം ഒരാളെപ്പോലും ബി.എസ്.എന്‍.എല്ലില്‍ നിയമിച്ചിട്ടില്ല. ആയിരകണക്കിന് എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ലഭിക്കാമായിരുന്ന തൊഴിലുകളാണ് ഇതിലൂടെ ഇല്ലാതായത്.

സ്പെക്ട്രം അനുവദിക്കാതെയും കാലോചിതമായ സാങ്കേതികവികാസം തടഞ്ഞും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിച്ചതിന്റെ ദയനീയ ചിത്രങ്ങളാണ് ഈ കണക്കുകള്‍ വെളിവാക്കുന്നതെന്ന് വി. ശിവദാസന്‍ പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധിമൂലം ബി.എസ്.എന്‍.എല്ലില്‍ നിന്ന് കൂട്ട വിരമിക്കലിന് ജീവനക്കാര്‍ നിര്‍ബന്ധിതതരായിരുന്നു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദ്ദേശങ്ങളിലൊന്നായ സ്വയം വിരമിക്കല്‍ പദ്ധതി വഴിയാണ് ഇതുണ്ടായത്.

വി. ശിവദാസന്‍

ഒരു മാസത്തെ ശമ്പളക്കുടിശ്ശികയോടെയായിരുന്നു ജീവനക്കാരുടെ വിരമിക്കല്‍. 4596 ബി.എസ്.എന്‍.എല്‍ ജീവനക്കാരാണ് ഒറ്റ ദിവസം കൊണ്ട് മാത്രം കേരളത്തില്‍ നിന്ന് 2020ല്‍ വിരമിച്ചിരുന്നത്. എല്ലാ ജീവനക്കാര്‍ക്കും ജനുവരി ആദ്യം കൊടുക്കേണ്ട ഡിസംബറിലെ ശമ്പളം ബുധനാഴ്ച വരെ വിതരണം ചെയ്തിട്ടുണ്ടായിരുന്നില്ല.

നേരത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം ബി.എസ്.എന്‍.എല്ലിനെയും എം.ടി.എന്‍.എല്ലിനെയും ലയിപ്പിക്കാനും തീരുമാനമായിരുന്നു.

CONTENT HIGHLIGHTS: Central government says that one and a half lakh jobs have disappeared in BSNL in three and a half years

We use cookies to give you the best possible experience. Learn more