| Tuesday, 17th January 2023, 12:24 pm

ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താന്‍ കേന്ദ്രം പറയുന്നു, അതിന് മനസില്ല: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിഞ്ഞതില്‍ എന്‍.ജി.ഒ യൂണിയന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം ഖജനാവ് നിറഞ്ഞുകവിഞ്ഞ സംസ്ഥാനമല്ല. നല്ല സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എന്നാലും സിവില്‍ സര്‍വീസ് മേഖലയടക്കം എല്ലാവരേയും സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് സിവില്‍ സര്‍വീസ് കേരളത്തില്‍ ഉയര്‍ന്നിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി എത്രത്തോളം ഞെരുക്കാന്‍ കഴിയുമോ അത്രത്തോളം ഞെരുക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഈ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനത്തെ ജനക്ഷേമ പദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിന് മനസില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് തിരിച്ച് മറുപടി പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി പണം സംസ്ഥാന സര്‍ക്കാര്‍ വാങ്ങുന്ന പണമായി കണക്കാക്കണമെന്ന് കേന്ദ്രം പറയുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന് ബാധകമാണോ? 43 ശതമാനം അധികം കടമെടുത്തവരാണ് കേന്ദ്രം. അവര്‍ 25 ശതമാനം കടമെടുത്ത കേരളത്തെ കുറ്റപ്പെടുത്തുന്നത് വിരോധാഭാസമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘സംസ്ഥാന സര്‍ക്കാര്‍ ധനകമ്മി സംസ്ഥാനത്ത് നല്ല രീതിയില്‍ കുറച്ചു കൊണ്ടുവന്നിട്ടുണ്ട്. ധനകമ്മി കുറക്കാന്‍ ക്ഷേമപദ്ധതികള്‍ നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതിന് മനസില്ല എന്നാണ് അങ്ങോട്ട് പറയാനുള്ളത്.

ജനസംഖ്യാ ആനുപാതികമായി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വിഹിതം കേരളത്തിന് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ തരാനുള്ള 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാവുന്നത്.

ഫെഡറല്‍ തത്വത്തില്‍ സാമ്പത്തിക തത്വവുമുണ്ട്. 20,000 കോടി കുറഞ്ഞാല്‍ കേരളത്തിന് താങ്ങാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാവും.

എന്നാല്‍ ഇതൊന്നും ജനക്ഷേമപദ്ധതികളെ ബാധിക്കില്ല. ജനങ്ങളോടുള്ള പ്രതിബദ്ധത ഉപേക്ഷിച്ചുകൊണ്ട് ഒരു കാര്യവും നടപ്പിലാക്കില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Central government said to stop the public welfare schemes in the state to overcome the financial crisis says CM Pinarayi Vijayan

We use cookies to give you the best possible experience. Learn more