| Tuesday, 20th April 2021, 7:01 pm

കൂട്ടമരണങ്ങള്‍ നടക്കുമ്പോഴും കൈമലര്‍ത്തുന്ന കേന്ദ്രം

ഷഫീഖ് താമരശ്ശേരി

18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും മെയ് 1 മുതല്‍ വാക്സിന്‍ എടുക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പൊതുവെ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. എന്നാല്‍ വാക്‌സിന്‍ വിതരണത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും പതിയെ പിന്‍മാറി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധിക ബാധ്യതകള്‍ നല്‍കുന്ന ഇപ്പോഴത്തെ കേന്ദ്രനീക്കത്തെ ഏറെ അപകടകരമായേ കണക്കാക്കാനാകൂ. കൊവിഡ് വ്യാപനത്തിന്റെ ഈ രണ്ടാം തരംഗത്തില്‍ രാജ്യമാകെ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പ്രതിരോധ രംഗത്ത് സര്‍വ സന്നാഹങ്ങളുമായി മുന്നിട്ടിറങ്ങി സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങളും പിന്തുണയും നല്‍കേണ്ട കേന്ദ്രം അതിനൊന്നും തയ്യാറാകാതെ തങ്ങളുടെ രാഷ്ട്രീയ നീക്കങ്ങള്‍ മാത്രം നടത്തിവരുന്നതാണ് ഇപ്പോഴും നാം കണ്ടുവരുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള വഴിതുറക്കുമോ എന്ന ചോദ്യവുമുയരുന്നുണ്ട്. എന്തായാലും സംസ്ഥാനങ്ങള്‍ക്കിത് വലിയ സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുമെന്നതുറപ്പാണ്. വാക്സിന്‍ നിര്‍മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ അമ്പത് ശതമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്നും ബാക്കി അമ്പത് ശതമാനം സംസ്ഥാന സര്‍ക്കാറുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാങ്ങാവുന്ന തരത്തില്‍ പൊതുവിപണിയില്‍ ലഭ്യമാക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം. ഇതില്‍ വാക്‌സിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം വാക്‌സിന്‍ കമ്പനികള്‍ക്ക് നല്‍കുന്നുമുണ്ട്.

വാക്‌സിന്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയുടെ അടിസ്ഥാനത്തിലായിരിക്കും എല്ലാ സംസ്ഥാന സര്‍ക്കാറുകളും വാക്സിന്‍ വാങ്ങേണ്ടി വരിക എന്നാണ് ഇത് വ്യക്തമാക്കുന്നത്. വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് ഈ മഹാമാരി കാലത്ത് കൊള്ളലാഭം ഉണ്ടാക്കാനുള്ള അവസരം ആയിരിക്കും ഇത് ഒരുക്കുക എന്ന വിലയിരുത്തലുകളാണ് പൊതുവെ ഉയരുന്നത്.

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ കൊവിഡ് വ്യാപനത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍ മുന്നിലുള്ള ഏക മാര്‍ഗമെന്നത് സുരക്ഷാ ക്രമീകരണങ്ങളും കൂട്ടമായ വാക്‌സിനേഷനുമാണ് എന്നിരിക്കെയാണ് രാജ്യത്തെ പൗന്മാര്‍ക്കെല്ലാം വാക്‌സിന്‍ എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ട സര്‍ക്കാര്‍ ഇത്തരത്തില്‍ തങ്ങളുടെ എല്ലാ ഉത്തരവാദിത്വവും സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നല്‍കി പിന്‍മാറുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ തന്നെ പല സംസ്ഥാനങ്ങളിലും കടുത്ത വാക്സിന്‍ ക്ഷാമമാണ് നേരിട്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് കമ്പനികളില്‍ നിന്ന് നേരിട്ട് വാക്സിന്‍ വാങ്ങേണ്ട ബാധ്യത കൂടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ തലയില്‍ വെച്ചിരിക്കുന്നത്. അതായത് മെയ് 1 മുതല്‍ വാക്സിന്‍ ക്ഷാമം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് മാത്രം ആക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

രാജ്യത്തെ പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിലെത്തിക്കഴിഞ്ഞു. ഓക്സിജന്‍ ലഭ്യതയടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത മിക്ക സംസ്ഥാനങ്ങളെയും മാരകമായി ബാധിച്ചിരിക്കുന്നു. മരണസംഖ്യ കുതിച്ചുയരുന്നു. ഇത്തരമൊരു ഗുരുതര സ്ഥിതിവിശേഷം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ സഹായം നല്‍കേണ്ട കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പരാജയമായി മാറുകയാണ്.

കൊവിഡ് വ്യാപനം വലിയ വിപത്തുകള്‍ സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായ സാഹചര്യങ്ങളിലാണ് ഇന്ന് രാജ്യമുള്ളത്. രാജ്യത്തെ അനേകം ആശുപത്രികളിലെ മോര്‍ച്ചറികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ശ്മശാനങ്ങളിലെമ്പാടും കൂട്ട ശവസംസ്‌കാരങ്ങള്‍ നടക്കുന്ന കാഴ്ച. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് മരണങ്ങള്‍ കുറച്ചുകാണിക്കുന്നതായി പ്രമുഖ ദേശീയ പത്രങ്ങള്‍തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു. പല നഗരങ്ങളില്‍ നിന്നും തൊഴിലാളികളുടെ പലായനം ആരംഭിച്ചുകഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സംസ്ഥാനങ്ങളുടെ ആവശ്യങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നുപോലുമില്ല. അവര്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രമായി മുഴുകിയിരിക്കുകയാണ്. ആവശ്യമുള്ള അളവിന്റെ വളരെ ചെറിയ ശതമാനം മാത്രം വാക്‌സിനുകളാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും നിലവില്‍ ലഭിക്കുന്നത്. ഏപ്രില്‍ മാസത്തേക്ക് വേണ്ടിയുള്ള ഉപയോഗത്തിനായി അമ്പത് ലക്ഷം ഡോസ് ആവശ്യപ്പെട്ടപ്പോള്‍ വെറും നാല് ലക്ഷം ഡോസ് മാത്രമാണ് കേരളത്തിന് ലഭിച്ചത്. സമാനമായ സാഹചര്യങ്ങള്‍ തന്നെയാണ് ഓരോ സംസ്ഥാനങ്ങളുടേതും.

നേരത്തെ ഉത്പാദിപ്പിച്ച വാക്‌സിന്റെ പകുതിയോളം കയറ്റുമതി ചെയ്ത കേന്ദ്ര നടപടിയുടെ ദുരന്തഫലമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നത് എന്നാണ് വിദഗ്ദര്‍ പറയുന്നത്. ആദ്യ ഡോസ് എടുത്തവര്‍ക്കുള്‍പ്പെടെ ഇപ്പോള്‍ വാക്സിന്‍ മുടങ്ങുകയാണ്.

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിത മരണം ആയിരം പിന്നിട്ടിരിക്കുന്ന ഈ രണ്ടാം തരംഗത്തിലും കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന ഈ അലംഭാവം രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്നതിനെ ഭയത്തോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more