| Wednesday, 16th November 2022, 6:03 pm

'ആര്‍.ബി.ഐയുടെ ശിപാര്‍ശയില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ'; നോട്ട് നിരോധനം ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ വീണ്ടും ശക്തമായി ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് നോട്ട് നിരോധനത്തെ ന്യായീകരിച്ചത്.

കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടര്‍ച്ചയായ നടപടിയുടെ ഭാഗമാണ് നോട്ട് നിരോധനമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റല്‍ പണമിടപാട് കൂട്ടാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

പാര്‍ലമെന്റ് നല്‍കിയ അധികാരം വിനിയോഗിച്ചാണ് സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയത്. മുമ്പ് നോട്ട് നിരോധിച്ച നടപടികള്‍ വ്യത്യസ്ത പശ്ചാത്തലത്തിലായിരുന്നുവെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. നോട്ട് നിരോധനം സര്‍ക്കാരിന്റെ ഒറ്റപ്പട്ട സാമ്പത്തിക നയമല്ലെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് നോട്ട് നിരോധനമെന്നും കേന്ദ്രം വിശദീകരിച്ചു.

സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ അനുസരിച്ചാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയതെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

നോട്ട് നിരോധനത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകള്‍ വര്‍ധിച്ചെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്.

നോട്ട് നിരോധനത്തിനെതിരായ ഹരജി നിലവില്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹരജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം നീട്ടി ചോദിച്ചിരുന്നു. എന്നാല്‍, ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ബി.വി. നാഗരത്‌ന ഒരു ഭരണഘടന ബെഞ്ച് ഈ കാരണത്താല്‍ ഇങ്ങനെ കേസ് മാറ്റിവെക്കാറില്ലെന്നും ഇത് ലജ്ജകരമായ നടപടിയാണെന്നും പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. ഒടുവില്‍, കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് നവംബര്‍ 24ലേക്ക് മാറ്റി.

കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലെ ന്യൂനതകള്‍ മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹരജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു 58 ഹരജികളാണ് കോടതിയില്‍ എത്തിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജികളില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ഏറെക്കാലം ഈ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണന കാത്ത് കിടന്നു. 2016 ഡിസംബറിലാണ് ആദ്യമായി ഈ ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്‍പിലെത്തിയത്. എന്നാല്‍ ബെഞ്ചില്‍ ഉള്‍പ്പെട്ട ജഡ്ജിമാര്‍ വിരമിച്ചതിന് പിന്നാലെ ഈ ഹര്‍ജികള്‍ വീണ്ടും പെരുവഴിയിലായി.

അതേസമയം, കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ആര്‍.ബി.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2016 നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുന്ന രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാള്‍ 71.84 ശതമാനം കൂടുതലാണ് ഇപ്പോഴുള്ളത്. 2016 നവംബര്‍ നാലിന് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് 17.7 ലക്ഷം കോടി രൂപയായിരുന്നു. 2022 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യില്‍ 30.88 ലക്ഷം കോടി രൂപയോളം കര്‍ന്‍സി നോട്ടുകള്‍ ഉണ്ട്.

നോട്ട് നിരോധനത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറന്‍സി നോട്ടുകള്‍ വര്‍ധിച്ചതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലുണ്ട്. പണ ഉപഭോഗം കുറച്ച് ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8ന് രാത്രി എട്ട് മണിക്കാണ് രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു അന്ന്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയും വിപണിയില്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന് പിന്നാലെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്.

Content Highlight: Central Government’s affidavit in Supreme Court that Demonetization with the approval of Parliament and as prescribed by RBI

We use cookies to give you the best possible experience. Learn more