45 യൂട്യൂബ് വീഡിയോകള്‍ നീക്കം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതേസമയം ഏകപക്ഷീയമായി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലെ നിയമവിരുദ്ധതയെ കര്‍ണാടക ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയാണ് ട്വിറ്റര്‍.
2021ല്‍ 39 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റര്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് ട്വിറ്റര്‍ കമ്പനി തന്റെ വാദങ്ങള്‍ നിരത്തിയത്.
ഉപയോക്താക്കള്‍ക്കും ട്വിറ്റര്‍ കമ്പനിക്കും നോട്ടീസ് നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയില്‍ പറഞ്ഞിരിക്കുന്നത്.
2021ല്‍ 39 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റര്‍ നല്‍കിയ ഹരജി കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് ട്വിറ്റര്‍ ഇക്കാര്യം അറിയിച്ചത്.
2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ സെക്ഷന്‍ 69 എയും സുപ്രീംകോടതി നിര്‍വചിച്ച ചില മാനദണ്ഡങ്ങളും ഉദ്ധരിച്ച് കൊണ്ടായിരുന്നു ട്വിറ്ററിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സംസാരിച്ചത്.
നിരുപദ്രവകരമായ ട്വീറ്റുകള്‍ തടയുന്നതിനുള്ള ഉത്തരവുകളും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ട്വിറ്ററിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ കോടതിയില്‍ പറഞ്ഞു. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുമ്പോള്‍ തന്നെ അവ എങ്ങനെയാണ് ഉപദ്രവകാരമാകുന്നതെന്ന് കൂടി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അരവിന്ദ് ദാതാര്‍ പറയുന്നുണ്ട്. നിയമവിരുദ്ധമാണെന്ന് ആരോപിക്കുന്ന ടിവീറ്റുകള്‍ മാത്രമേ നീക്കം ചെയ്യാവൂ എന്നും അക്കൗണ്ട് മൊത്തത്തില്‍ ബ്ലോക്ക് ചെയ്യാന്‍ പാടില്ലെന്നും ഇവര്‍ പറയു്‌നു
‘ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണങ്ങള്‍ സംബന്ധിച്ച് ആദ്യം അക്കൗണ്ട് ഉടമകള്‍ക്കും ട്വിറ്ററിനും നോട്ടീസ് അയക്കണം.
ആര്‍ട്ടിക്കിള്‍ 19 (1) (എ)യുടെ, അതായത് (അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ കാതല്‍ വിമര്‍ശിക്കാനുള്ള അവകാശം കൂടിയാണ്. അഭിപ്രായ സ്വാതന്ത്ര്യം മാനദണ്ഡങ്ങള്‍ക്കനുസൃതമായി സര്‍ക്കാരിനെ വിമര്‍ശിക്കാനും അനുവദിക്കുന്നുണ്ട്,’ എന്നാണ് ട്വിറ്ററിനെ പ്രതിനിധീകരിച്ച് ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറയുന്നത്.
തെറ്റായ സന്ദേശങ്ങള്‍ തടയുന്നതിന് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഐ.ടി നിയമത്തിലെ സെക്ഷന്‍ 69 എ അനുസരിച്ചായിരിക്കണമെന്നും ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാകാത്ത പക്ഷം ബ്ലോക്ക് ചെയ്യുന്നത് ട്വീറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യരുതെന്നും
അതേസമയം, രാജ്യത്തിന്റെ പരമാധികാരം അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം പൊതു ക്രമസമാധാനം എന്നിവ കാത്തുസൂക്ഷിക്കുന്നതിന് ഏത് ഉള്ളടക്കത്തിലേയും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഐ.ടി നിയമത്തിലെ സെക്ഷന്‍ 69എ അധികാരം നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം.
തങ്ങള്‍ പുറപ്പെടുവിച്ച 69എ ഉത്തരവുകളില്‍ ഭൂരിഭാഗവും ദേശീയ സുരക്ഷയും പൊതുക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്രം വാദത്തിന്റെ ഭാഗമായി പറയുന്നുണ്ട്.
മാത്രമല്ല ട്വിറ്റര്‍ ഒരു വിദേശ പ്ലാറ്റ്‌ഫോമായതിനാല്‍ ഇന്ത്യന്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മറ്റ് അവകാശങ്ങള്‍ക്ക് വേണ്ടിയും വാദിക്കാന്‍ ട്വിറ്ററിന് കഴിയില്ലെന്ന് കേന്ദ്രം രേഖാമൂലമുള്ള കൗണ്ടര്‍ വാദത്തില്‍ കേന്ദ സര്‍ക്കാര്‍ കോടതിയില്‍ പറയുന്നത്.
ഇങ്ങനെയാണ് ട്വിറ്റര്‍ – കേന്ദ്ര സര്‍ക്കാര്‍ പോര് കര്‍ണാടക ഹൈക്കോടതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.
അതേസമയം, ഇനി യൂട്യൂബിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ കഴിഞ്ഞ ദിവസമായിരുന്നു ‘തെറ്റായ വിവരങ്ങള്‍’ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് 10 യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകള്‍ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചയ്തത്. ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, ആഗോള ബന്ധങ്ങള്‍, പൊതുക്രമം എന്നിവക്ക് ഹാനികരമാകുന്ന തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ് 45 വീഡിയോകള്‍ ബ്ലോക്ക് ചെയ്യാന്‍ യൂട്യൂബിനോട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിര്‍ദേശിച്ചത്.
വിദ്വേഷപരവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമായുള്ള കണ്ടന്റുകള്‍ എന്നാരോപിച്ചാണ് വീഡിയോകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.
നീക്കം ചെയ്ത വീഡിയോകളില്‍ ഇന്ത്യയിലെ യുവ യൂട്യൂബര്‍മാരില്‍ ഏറ്റവും പോപുലാരിറ്റിയുള്ള ധ്രുവ് രാത്തിയുടെ ഒരു വീഡിയോയും ഉള്‍പ്പെടുന്നുണ്ട്. പത്ത് മില്യണിലധികം, അതായത് 1.3 കോടി കാഴ്ചക്കാരിലധികമുള്ള വീഡിയോയാണ് ബ്ലോക്ക് ചെയ്തത്.
പാകിസ്ഥാനിലെ ഇന്ത്യന്‍ ടെറിറ്ററിയുടെ ദൃശ്യങ്ങള്‍ കാണിച്ചു എന്നാരോപിച്ചാണ് ധ്രുവ് രാത്തിയുടെ വീഡിയോ നീക്കം ചെയ്തതെന്നാണ് കേന്ദ്രത്തിന്റെ വാദമെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരോധിക്കാന്‍ കാരണമായ വീഡിയോകള്‍ രാജ്യത്ത് സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും പൊതുക്രമം തകര്‍ക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിരോധിച്ചവയില്‍ 13 എണ്ണം ലൈവ് ടി.വി എന്ന ചാനലില്‍ നിന്നുള്ളതാണ്. ഇന്‍ക്വിലാബ് ലൈവ്, ദേശ് ഇന്ത്യ ലൈവ് എന്നിവയില്‍ നിന്നും ആറെണ്ണം വീതം, ഹിന്ദ് വോയ്സില്‍ നിന്ന് ഒമ്പതെണ്ണം, ഗെറ്റ്സെറ്റ് ഫ്ളൈ ഫാക്ട് , 4 പി.എം എന്നിവയില്‍ നിന്നും രണ്ടെണ്ണം വീതം, മിസ്റ്റര്‍ റിയാക്ഷന്‍ വാലയില്‍ നിന്നും നാലണ്ണം, നാഷനല്‍ അദ്ദ, ധ്രുവ് രാതേ, വിനയ് പ്രതാപ് സിങ് ഭോപര്‍ എന്നിവയില്‍ നിന്നും ഒരെണ്ണം വീതവുമാണ് നിരോധിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകള്‍ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. സാമുദായിക പൊരുത്തക്കേട് ഉണ്ടാക്കാനും പൊതു ക്രമം തകര്‍ക്കാനും വീഡിയോകള്‍ക്ക് സാധ്യതയുണ്ടെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു
ബ്ലോക്ക് ചെയ്ത ചില വീഡിയോകള്‍ അഗ്നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, കാശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു എന്നാണ് മന്ത്രാലയത്തിന്റെ ന്യായീകരണ വാദം.
ഇത്തരം കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്കെതിരെ ഭാവിയിലും സമാനമായ നടപടികള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്റ്റര്‍ അനുരാഗ് താക്കൂറും വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Central government’s actions against YouTube videos, Twitter faces gov in Karnataka high court