| Saturday, 2nd November 2013, 7:10 am

കേന്ദ്രം റേഷന്‍ വിഹിതം കുറച്ചു: ഈ മാസം മുതല്‍ എ.പി.എല്‍ വിഭാഗത്തിന് ഗോതമ്പില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോഴിക്കോട്:  കേരളത്തിനുള്ള റേഷന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചതിനാല്‍ ഈ മാസം മുതല്‍ എ.പി.എല്‍,എ.പി.എല്‍(എസ്.എസ്.) വിഭാഗങ്ങളില്‍പ്പെടുന്ന 60 ലക്ഷത്തിലേറെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പ് ലഭിക്കില്ല.

ബി.പി.എല്‍ വിഭാഗത്തിന് നല്‍കുന്ന ഗോതമ്പിന്റെ അളവ് എട്ടില്‍ നിന്നും മൂന്ന് ആയും കുറച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജില്ലാ സപ്ലൈ ഓഫീസുകള്‍ക്ക് സംസ്ഥാന റേഷനിങ് കണ്‍ട്രോളര്‍ അയച്ച സര്‍ക്കുലറിലാണ് ഗോതമ്പ് വെട്ടിക്കുറച്ച കാര്യം അറിയിച്ചത്.

എ.പി.എല്‍ വിഭാഗത്തിന് കാര്‍ഡ് ഒന്നിന് പ്രതിമാസം മൂന്ന് മുതല്‍ അഞ്ച് കിലോ വരെ നല്‍കിയിരുന്ന ഗോതമ്പാണ് വെട്ടിക്കുറച്ചത്.

ഒക്ടോബര്‍ വരെ 1,38,400 ടണ്‍ ഭക്ഷ്യധാന്യം ലഭിച്ചിരുന്നത് 1,22,724 ആയി വെട്ടിക്കുറച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

കേരളത്തിന് ഇനിമുതല്‍ 1,22,724  ടണ്‍ ഭക്ഷ്യധാന്യം മാത്രമേ പ്രതിമാസം അനുവദിക്കൂ.

അരി പഴയ തോത് പ്രകാരം 1,11,000 മെട്രിക് ടണ്‍ എടുക്കാനാണ് ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്.

ഗോതമ്പ് 11724 വാങ്ങി 6,300 ടണ്‍ കോതമ്പ് സപ്ലൈകോക്കും നല്‍കി.

ബാക്കിയുള്ള 5424 ടണ്‍ ഗോതമ്പ് മാത്രമേ ഈ മാസം റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ കഴിയൂ എന്നതിനാലാണ് എ.പി.എല്‍ വിഭാഗക്കാര്‍ ക്ക് നല്‍കേണ്ടെന്നും ബി.പി.എല്‍ വിഭാഗക്കാരുടെ വെട്ടിക്കുറക്കാനും തീരുമാനമായത്.

കാര്‍ഡുടമകള്‍ പ്രധാനമായും അരി ഭക്ഷണത്തെ ആശ്രയിക്കുന്നത് കൊണ്ടാണ് അരിവിഹിതം വെട്ടിക്കുറയ്ക്കാതെ ഗോതമ്പ് വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ഗോതമ്പുല്‍പ്പന്നങ്ങള്‍ കഴിക്കുന്നവരുടെ തോത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യധാന്യത്തിന്റെ അലോട്‌മെന്റ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷ്യമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്‌

Latest Stories

We use cookies to give you the best possible experience. Learn more