ഓഖിയില്‍ കാണാതായവരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍; കാണാതായവര്‍ 661; എറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കേരളത്തില്‍
Okhi Cyclone
ഓഖിയില്‍ കാണാതായവരുടെ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍; കാണാതായവര്‍ 661; എറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കേരളത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th December 2017, 4:55 pm

 

ന്യൂദല്‍ഹി: ദക്ഷിണേന്ത്യയില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. മത്സ്യബന്ധനത്തിനായി പോയവരില്‍ 845 പേരെ രക്ഷപ്പെടുത്തിയെന്നും 661 പേരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അറിയിച്ചത്.

ഡിസംബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം 821 പേരെയാണ് രക്ഷപ്പെടുത്തിയത്. മെര്‍ച്ചന്റ് നേവി കപ്പലുകളുടെ സഹായത്തോടെ എകദേശം 20 ലധികം പേരെ രക്ഷപ്പെടുത്തി. തമിഴ്‌നാട്, ലക്ഷദ്വീപ്, മിനിക്കോയി ദ്വീപുകളില്‍ നിന്നാണ് എറ്റവും കൂടൂതല്‍ പേരെ കാണാതായത്.

കാണാതായവരില്‍ 661 ല്‍അധികം പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്ന് എകദേശം 261 പേരെയാണ് ഇനിയും കണ്ടെത്താന്‍ ബാക്കിയുള്ളത്. ഓഖി മൂലം എറ്റവുമധികം നാശനഷ്ടമണ്ടായത് കേരളത്തിനാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഓഖിയില്‍ കാണാതായവര്‍ക്കുവേണ്ടി മറ്റ് സംസ്ഥാനങ്ങളുടെ സഹായം തേടുമെന്ന് കേരളസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന നാവിക, തീരസേനകള്‍ നടത്തുന്ന തിരച്ചില്‍ തുടരും. ഇതിനായി തീരപ്രദശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സഹകരണം തേടുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.