| Monday, 17th September 2012, 12:04 pm

ഇടുക്കിയില്‍ അമേരിക്കന്‍ ആണവപരീക്ഷണശാല സ്ഥാപിക്കാന്‍ നീക്കം: വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റ പശ്ചിമഘട്ടമായ ഇടുക്കിയില്‍ അമേരിക്കയുടെ ആണവപരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആണവപരീക്ഷണശാല സ്ഥാപിക്കാനായി അമേരിക്കന്‍ ഊര്‍ജ്ജ വകുപ്പുമായി കേന്ദ്രസര്‍ക്കര്‍ കരാര്‍ ഒപ്പിട്ടെന്നും വി.എസ് വ്യക്തമാക്കി.
ഭൂകമ്പ സാധ്യതയുള്ള ഇടുക്കിയില്‍ അമേരിക്കയുടെ ന്യൂട്രിനോ പരീക്ഷണശാല നിര്‍മിക്കാനുള്ള ശ്രമം അതീവ രഹസ്യമായാണ് നടക്കുന്നത്.

ഭൂമിക്കടിയിലൂടെ ടണലുകള്‍ നിര്‍മിച്ചാണ് ആണവരശ്മികളെ ഇടുക്കിയിലെ പരീക്ഷണ ശാലയിലെത്തിക്കുകയെന്നും വി.എസ് പറഞ്ഞു. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് കേരളത്തിലെ ഇടുക്കിയും തമിഴ്‌നാട്ടിലെ തേനി ജില്ലയുമാണ്.[]

തേനിയില്‍ നിന്നും തുടങ്ങുന്ന തുരങ്കം അവസാനിക്കുന്നത് ഇടുക്കിയിലാണ്.  വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ സര്‍ക്കാരുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. കേരളത്തിലെ സര്‍ക്കാരില്‍ നിന്നും വിഷയം മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.

ഇത്തരമൊരു പരീക്ഷണ ശാല കേരളത്തില്‍ ഒരിക്കലും അഭികാമ്യമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഏറെ ദോഷം ചെയ്യുന്ന പദ്ധതിയാണ് ഇത്. തമിഴ്‌നാട്ടിലെ സാലിം അലി സെന്ററില്‍ നടത്തിയ പരീക്ഷണത്തില്‍  ഈ പരീക്ഷണശാല കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം കൈകാര്യം ചെയ്യുന്ന ഉന്നതാധികാര സമിതിയുമായോ ഗാഡ്ഗില്‍ സമിതിയുമായോ ഇത്തരമൊരു പരീക്ഷണശാലയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഇത്തരത്തിലൊരു ആണവപരീക്ഷണ ശാല നിര്‍മിക്കാനൊരുങ്ങുമ്പോള്‍ കേരളത്തിലെ ജനങ്ങളെ ആദ്യം അറിയിക്കണം. അതിന് പുറമെ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായും ആണവവിരുദ്ധസംഘടകളുമായും ശാസ്ത്രജ്ഞര്‍ ചര്‍ച്ച നടത്തണമെന്നും വി.എസ് പറഞ്ഞു.

കേരളത്തിലെ ജൈവവൈവിദ്ധ്യത്തിന് ഏറെ ദോഷകരമാണ് ഈ പദ്ധതി. തേനിയില്‍ നിന്നും ഇടുക്കിയിലേക്കുള്ള തുരങ്കം നിര്‍മിക്കാന്‍ ഏതാണ്ട് നാല് വര്‍ഷം വേണ്ടി വരും. അതിന്റെ ഇടയ്ക്ക് വേണ്ടി വരുന്ന സ്‌ഫോടനങ്ങളും മറ്റും മുല്ലപ്പെരിയാര്‍ അണക്കെട്ടുള്‍പ്പെടെയുള്ള കേരളത്തിലെ അണക്കെട്ടുകളെ ദോഷകരമായി ബാധിക്കും.

Latest Stories

We use cookies to give you the best possible experience. Learn more