ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതുവായ ചാര്‍ജിങ് പോര്‍ട്ട് മതിയെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ ബുധനാഴ്ച നടന്ന ചര്‍ച്ചയിലാണ് പുതിയ തീരുമാനം.
പുതിയ അപ്‌ഡേഷനുകള്‍ വരുമ്പോള്‍ ഉപയോഗശൂന്യമാകുന്ന ചാര്‍ജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ ഒന്നിലധികം ചാര്‍ജറുകളുടെ ഉപയോഗം അവസാനിപ്പിക്കാനും ഇ-മാലിന്യം തടയുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്കുള്ള ഭാരം കുറയ്ക്കാനുമുള്ള സാധ്യതയും കേന്ദ്രം യോഗത്തില്‍ വിലയിരുത്തി.
നിലവിലെ സാഹചര്യത്തില്‍ ഓരോ തവണ പുതിയ മൊബൈല്‍ ഫോണുകളോ മറ്റ് പോര്‍ട്ടബിള്‍ ഉപകരണങ്ങളോ വാങ്ങുമ്പോള്‍ അതിനനുസരിച്ച് ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.